മഹാമാരിക്ക് ശേഷമുള്ള വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. അനുമതി ലഭിച്ച പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് നിറഞ്ഞ മനസ്സോടെ ജീവിതാഭിലാഷം നിറവേറ്റാനുള്ള അവസരമൊരുക്കി സഊദി ഹജ്ജ് മന്ത്രാലയം. തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ ഉപസമിതികള്‍ ഏകോപിപ്പിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന പദ്ധതികളുടെ അവസാന മിനുക്കുപണിയിലാണ് വിശുദ്ധ മിനാ താഴ്‌വരയും മറ്റു പുണ്യപ്രദേശങ്ങളും.
ഇരു ഹറമുകളിലും തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയും രംഗത്തുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ഹജ്ജുമായി ബന്ധപ്പെട്ട കര്‍മ്മങ്ങളെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം നല്‍കാന്‍ ഇലക്ട്രോണിക് സ്‌ക്രീനുകള്‍ സ്ഥാപിച്ച് മതകാര്യ മന്ത്രാലയം രംഗത്തുണ്ട് . ഇരു ഹറമുകള്‍ , വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ അറബിക് ഇംഗ്ലീഷ് ഭാഷകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഹജ്ജുമായി ബന്ധപ്പെട്ട മുവ്വായിരത്തിലധികം വിവരങ്ങള്‍ ഈ ഇലക്‌ട്രോണിക് ബോര്‍ഡുകളില്‍ തെളിയും.
അതീവ ജാഗ്രതയോടെയാണ് സഊദി ആരോഗ്യ മന്ത്രാലയം കാര്യങ്ങള്‍ നീക്കുന്നത്. രാജ്യത്ത് കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും ഒഴിവാക്കിയ ഘട്ടത്തിലാണ് ഹജ്ജ് കര്‍മ്മം നടക്കുന്നത് എന്നത് ആരോഗ്യ മന്ത്രാലയത്തെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്. കോവിഡ് വ്യാപന ശേഷം ഇത്രയധികം തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മ്മത്തിനെത്തുന്നത് ആദ്യമാണ്. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകര്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് ഓരോ മുത്തവിഫ് വഴിയും തീര്‍ത്ഥാടകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.