സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്ന തീർഥാടകരുടെ ആദ്യസംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മേയ് 21ന് പുലർച്ച 12.05ന് പുറപ്പെടും.
ഈ വിമാനത്തിലുള്ള 166 അംഗ സംഘം ഇന്ത്യൻ സമയം പുലർച്ച 3.50ന് ജിദ്ദയിലെത്തും. രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.
മേയ് 20 മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിൽ ക്യാമ്ബ് പ്രവർത്തനം തുടങ്ങും. ആദ്യ സംഘം 20ന് രാവിലെ 10നും രണ്ടാമത്തെ സംഘം ഉച്ചക്ക് 12നും മൂന്നാമത്തെ സംഘം ഉച്ചക്ക് രണ്ടിനും ക്യാമ്ബിൽ റിപ്പോർട്ട് ചെയ്യണം.
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നത്. ജൂൺ ഒമ്ബതുവരെ 59 വിമാനങ്ങളാണ് ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പിന്നീട് നാലു വിമാനങ്ങൾകൂടി അധികമായി ഏർപ്പെടുത്തും. ഓരോ വിമാനത്തിലും 166 തീർഥാടകരാണ് യാത്രയാവുക. ജൂൺ ഏഴു വരെ ദിവസേന മൂന്നു വിമാനങ്ങളും എട്ടിന് നാലു വിമാനങ്ങളും സർവിസ് നടത്തും. ഒമ്ബതിന് രാവിലെ 8.05ന് ഒരു വിമാനം മാത്രമായിരിക്കും തീർഥാടകരെ കൊണ്ടുപോകുക.
10,371 തീർഥാടകരാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പോകുന്നത്. ഇതിൽ 9794 തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള സർവിസുകളാണ് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ബാക്കിയുള്ളവർക്കായാണ് അധിക സർവിസ് ഏർപ്പെടുത്തുക.
തീർഥാടകരുടെ വിശദമായ യാത്രാസമയക്രമമടങ്ങിയ ഫ്ലൈറ്റ് മാനിഫെസ്റ്റ് ഉടൻ പുറത്തിറക്കും. മറ്റു പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചിയിൽനിന്ന് മേയ് 26നും കണ്ണൂരിൽനിന്ന് ജൂൺ ഒന്നിനുമാണ് ഹജ്ജ് വിമാന സർവിസുകൾ ആരംഭിക്കുന്നത്.