മുംബൈ: രാജ്യത്തു നിന്നുള്ള ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ ചുമതലകളുമുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നത് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ പ്രതിഷേധം. അഞ്ചാം കൊല്ലക്കാര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കാത്തതും സുപ്രീം കോടതി നല്‍കിയ സമയ പരിധിക്കും നാലു വര്‍ഷം മുമ്പ് തന്നെ ഹജ്ജ് സബ്‌സിഡി ധൃതിപ്പെട്ട് നിര്‍ത്തലാക്കിയതും ഹജ്ജ് യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നിലപാടിന് യോഗത്തില്‍ നിറഞ്ഞ പിന്തുണയാണ് ലഭിച്ചത്.ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഗമമാക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി രൂപീകരിക്കുന്ന വിവിധ കമ്മിറ്റി രൂപീകരണം പോലും കേന്ദ്ര സര്‍ക്കാര്‍ തടയുന്നു. കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റാന്‍ തയ്യാറായിട്ടില്ല. കൊച്ചി വിമാനത്താവളത്തില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ അനുവദിച്ചപ്പോള്‍ സിയാലിന്റെ കയ്യില്‍ ഹജ്ജ് ക്യാമ്പ് നടത്താന്‍ ഒരിഞ്ചു സ്ഥലം പോലും ലഭ്യമല്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
ഫെബ്രുവരി രണ്ടുവരെ നറുക്കെടുപ്പ് നിര്‍ത്തിവെക്കാനുള്ള കേരളത്തിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കുന്നത് പ്രായോഗിക ബുദ്ധുമുട്ടുണ്ടാക്കുമെന്നതിനാല്‍ അംഗീകരിക്കാനാവാത്ത സ്ഥിതിയാണ്. എല്ലാ സംസ്ഥാനങ്ങളും 23 ന് മുമ്പ് തന്നെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കണമെന്ന മാര്‍ഗ രേഖയില്‍ നിന്ന് വ്യതിചലിക്കാനാവില്ലെന്നും കേരളം നറുക്കെടുപ്പ് നടത്തിയില്ലെങ്കില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് നറുക്കെടുപ്പിന് നിര്‍ബന്ധമാകും.
ഹജ്ജ് സബ്‌സിഡി ഥൃതിപ്പെട്ട് എടുത്തു കളഞ്ഞപ്പോഴുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ക്രിയാത്മക ഇടപെടല്‍ വേണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ചൗധരി മെഹ്്ബൂബ് അലി കൗസര്‍ അധ്യക്ഷത വഹിച്ചു.