വേങ്ങര: ഇന്ത്യന്‍ ഹജ്ജ് നയ രൂപീകരണത്തിനായി നിയോഗിച്ച ഉന്നതതല റിവ്യൂ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വേങ്ങര യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇന്ന് ഹാജിമാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്നതും ഏറെ അസൗകര്യം ഉണ്ടാക്കുന്നതുമാണ്. അത് അടുത്ത ഹജ്ജ് മുതല്‍ നടപ്പിലാക്കുമെന്ന തീരുമാനം തിരുത്തി പുന:പരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്. റിപ്പോര്‍ട്ടില്‍ ഫലപ്രദമായ നിര്‍ദേശങ്ങളൊന്നുമില്ല.
എംബാര്‍ക്കേഷന്‍ സ്റ്റേഷനുകളുടെ എണ്ണം 21-ല്‍ നിന്ന് ഒന്‍പതായി ചുരുക്കണമെന്നത് അംഗീകരിക്കാനാവില്ല. ഇത് ഹജ്ജ് തീര്‍ഥാടകര്‍ക്ക് വളരെയേറെ ദോഷം ചെയ്യും. പല സംസ്ഥാനത്ത് നിന്നും ഹജ്ജ് സര്‍വ്വീസ് ഇല്ലാതാകും. ഇത് രണ്ടും മൂന്നും സംസ്ഥാനങ്ങള്‍ക്ക് ഒരു വിമാനത്താവളമെന്ന നിലയിലേക്ക് മാറും. മറ്റു യാത്ര സൗകര്യമെന്ന നിലക്ക് കപ്പല്‍ മുഖേന ഹജ്ജിന് പോകുന്നതിന്റെ സാധ്യത പഠിക്കണമെന്ന് മാത്രമേ ശുപാര്‍ശയിലുള്ളൂ. അതിന്റെ പഠനം പോലും തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോഴുള്ള എംബാര്‍ക്കേഷന്‍ അതേ പടി നിലനിര്‍ത്തുകയോ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലത്തേക്ക് വര്‍ധിപ്പിക്കുകയോ ചെയ്യണം. കപ്പല്‍ വഴിയുള്ള ഹജ്ജ് യാത്ര അത്ര സ്വീകാര്യമല്ല.
അത് പോലെ തന്നെ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവരുടെയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെയും ക്വാട്ട 70:30 എന്ന അനുപാതത്തിലാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇത് വരെ സര്‍ക്കാര്‍ ക്വാട്ടയില്‍ 75 ഉം, ഹജ്ജ് ഗ്രൂപ്പുകള്‍ 25 എന്നതായിരുന്നു. എന്നാല്‍ ശുപാര്‍ശ നടപ്പാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അഞ്ച് ശതമാനം കുറവുവരുകയും സ്വകാര്യ ഗ്രൂപ്പുകാര്‍ക്ക് അഞ്ച് ശതമാനം അധികം ലഭിക്കുകയും ചെയ്യും. ഇത് സ്വകാര്യ മേഖലയെ സഹായിക്കാനാണ്. ഇത് സാധാരണക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കും.
70 വയസ്സിന് മുകളിലുള്ളവര്‍ക്കും നാലാം തവണക്കാര്‍ക്കും നറുക്കില്ലാതെ പോകാന്‍ കഴിയുന്ന സംവിധാനം എടുത്തുകളയണമെന്നാണ് പറയുന്നത്. ദീര്‍ഘകാലം അപേക്ഷിച്ചിട്ടും കിട്ടാതിരുന്ന അപേക്ഷകര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യമാണ് ഇതോടെ ഇല്ലാതാകുന്നത്. ഇത് അത്തരക്കാരോട് ചെയ്യുന്ന അനീതിയാണ്.
കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മുസ്‌ലിം ജനസംഖ്യ നോക്കാതെ അപേക്ഷകരുടെ എണ്ണം നോക്കി ക്വാട്ട നിശ്ചയിക്കണമെന്നത് ഇത്തവണയും പരിഗണിച്ചിട്ടില്ല. ഹജ്ജ് യാത്രക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. പ്രത്യേക സാഹചര്യത്തിലാണ് ഹജ്ജ് യാത്രക്കാര്‍ക്ക് സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചത്. അത് ഇപ്പോഴും നില നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, ബെന്നിബെഹ്‌നാന്‍ എം.എല്‍.എ, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഡി.സി.സി മുന്‍ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി എന്നിവരും പത്രസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.