കോഴിക്കോട് : മറ്റെല്ലാ മേഖലകളിലുമെന്നപോലെ ഹജ്ജ് സർവ്വീസിൻ്റെ കാര്യത്തിലും കാലിക്കറ്റ് എയർ പോർട്ടിനോട് കാണിക്കുന്ന കടുത്ത വിവേചനത്തിനും ക്രൂരതക്കുമെതിരെ ശക്തമായ ജനവികാരം ഉയർന്നുവരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എംഎ സലാം. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കലിക്കറ്റിലത് 1, 65000 രൂപ ആകുന്നു. ഇത് കടുത്ത വിവേചനം തന്നെയാണ്.
എയർ ഇന്ത്യയടക്കം കൂട്ടുനിന്നു നടത്തുന്ന ഈ കൊള്ള തടയേണ്ടതുണ്ട്. ചുരുങ്ങിയ നിരക്കിൽ സർവീസ് നടത്താൻ തയ്യാറായ സഊദി എയർലൈൻസടക്കമുള്ളവയെ തള്ളിക്കൊണ്ടാണ് എയർഇന്ത്യയുടെ പകൽ കൊള്ളക്കു അധികൃതർ കൂട്ടുനിന്നത്.
കേരളത്തിൽ നിന്ന് ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് ടെണ്ടറിലെ അട്ടിമറി നടന്നതെന്ന വാർത്ത ഏറെ ഗൗരവമുള്ളതാണ്. കേന്ദ്ര ഹജ്ജ് വകുപ്പിന്റെയും വ്യോമയാന മന്ത്രാലയ ത്തിന്റെയും ഈ ക്രൂരത കണ്ടില്ലെന്ന് നടിക്കുന്ന കേരള മുഖ്യ മന്ത്രിയും സർക്കാരും ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിയും.
കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ 78% പേരും തിരഞ്ഞെടുത്ത കോഴിക്കോട് എയർപോർട്ടിൽ നിന്നുമുള്ള ഹാജിമാർക്ക്മാത്രം 80000 രൂപ അമിതമായി ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത് വരും.
മുസ്ലിം ലീഗ് എം.പിമാർ, ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും , വ്യോമയാന വകുപ്പുമായും ചർച്ചനടത്തും. എം.എൽ എമാരും ഭാരവാഹികളും ഇക്കാര്യത്തിൽ കേരള സർക്കാരിലും സമ്മർദ്ദം ചെലുത്തും. ന്യായമായ തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും പി എം എ സലാം അറിയിച്ചു.