X

ഹജ്ജ് കർമരേഖ പ്രഖ്യാപനം വൈകുന്നു

അടുത്ത വർഷത്തെ ഹജ്ജിന്റെ സമയക്രമം അടങ്ങിയ കർമരേഖയുടെ പ്രഖ്യാപനം വൈകുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന കർമരേഖയുടെ അടിസ്ഥാനത്തിലാണ് അപേക്ഷ സ്വീകരിക്കുന്നതുമുതൽ തീർഥാടകരുടെ മടക്ക യാത്രവരെയുള്ള സമയ ക്രമം നിശ്ചയിക്കുന്നത്.

മുൻ വർഷങ്ങളിൽ ഹജ്ജ് മടക്ക യാത്ര പൂർത്തിയായി രണ്ട് രണ്ടര മാസത്തിനുള്ളിൽ അടുത്ത ഹജ്ജ് തീർഥാടനത്തിന്റെ നടപടികൾ തുടങ്ങാറുണ്ട്. കഴിഞ്ഞവർഷം ഏറെ വൈകിയാണ് അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയത്. ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിലുള്ള കാലതാമസമാണ് കഴിഞ്ഞ വർഷം നടപടികൾ വൈകിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് ആദ്യ വാരത്തോടെ ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായിരുന്നു. 19,524 പേരാണ് കഴിഞ്ഞവർഷം കേരളത്തിൽനിന്ന് അപേക്ഷിച്ചത്. ഇതിൽ 11,252 പേർക്ക് അവസരം ലഭിച്ചു.

ഈ വർഷം രാജ്യത്തിന്റെ ക്വാട്ട രണ്ടു ലക്ഷമാകുമെന്ന പ്രതീക്ഷയുണ്ട്. ക്വാട്ട വർധിച്ചാൽ 1000 സീറ്റോളം കേരളത്തിന് അധികം ലഭിക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. അപേക്ഷകരെ സഹായിക്കുന്നതിന് ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം അടുത്തയാഴ്ച നടക്കും.

ഹജ്ജ് തീർഥാടനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പിടി അയയുന്നതായി ആക്ഷേപമുണ്ട്. നേരത്തെ കേന്ദ്രത്തിൽ ഹജ്ജ് കമ്മിറ്റിയും വിദേശകാര്യ മന്ത്രാലയവുമായിരുന്നു നടപടികൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇപ്പോൾ ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് നേതൃത്വം നൽകുന്നത്.

webdesk13: