കൊണ്ടോട്ടി: രാജ്യത്തെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കുള്ള ഹജ്ജ് ക്വാട്ട നിശ്ചയിച്ചു. കേരളത്തില്‍ നിന്ന് 10981 പേര്‍ക്കാണ് അവസരമുള്ളത്. 69,783 അപേക്ഷകരാണ് കേരളത്തില്‍ നിന്നുള്ളത്.
70 വയസ്സിന് മുകളിലുള്ളവരും സഹായിയും ഉള്‍പ്പെടുന്ന സംവരണ വിഭാഗവും പുരുഷതുണയില്ലാതെ അപേക്ഷ നല്‍കിയ സ്ത്രീകളും ഉള്‍പ്പെടെ 2,394 പേര്‍ക്ക് ഇക്കുറി നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിക്കും.
ബാക്കിയുള്ള 8,587 സീറ്റുകളിലേക്ക് പൊതു വിഭാഗത്തിലെ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിന് ലഭിച്ച സീറ്റുകളില്‍ കുറവുവന്നിട്ടുണ്ട്. അഞ്ചാം വര്‍ഷക്കാര്‍ക്കുള്ള സംവരണം എടുത്തുകളഞ്ഞത് കേരളത്തിനു സീറ്റു നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
യഥാര്‍ത്ഥ ക്വാട്ടയായ 5.15 ശതമാനപ്രകാരം 6,383 സീറ്റുകളാണ് കേരളത്തിന് ലഭിച്ചത്. 45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ സംഘത്തിന് പ്രത്യേക ക്വാട്ട അനുവദിച്ചതിനാല്‍ 1,124 സീറ്റുകളും കൂടുതലായി ലഭിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ ബാക്കി വന്ന സീറ്റുകള്‍ വീതം വെച്ചതില്‍ 3474 സീറ്റുകള്‍ കൂടി അധികം ലഭിച്ചു. ഇതാണ് ഇത്തവണത്തെ ക്വാട്ട 10981 സീറ്റായത്. അതേസമയം ഏഴു സംസ്ഥാനങ്ങളില്‍ അപേക്ഷകരുടെ എണ്ണം അനുവദിച്ച സീറ്റുകളിലും കുറവായിരുന്നു.
അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ത്രിപുര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് അനുവദിച്ച സീറ്റുകളില്‍ ആളില്ലാത്തത്.