ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. ഇതു പ്രകാരം ഈ വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സഊദി 1,75,025 സീറ്റാണ്. സഊദി അറേബ്യയുടെ ഹജ്ജ് – ഉംറ കാര്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയും ഡപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുത്താശുമാണ് വിവിധ രാജ്യങ്ങളിലെ ഹജ്ജ് മന്ത്രാലയ പ്രതിനിധികളുമായി കരാര്‍ ഒപ്പുവെക്കുന്നത്. ഇതിന്റെ ഭാഗമായി ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിക്ക് സമീപത്തെ ജിദ്ദ ഡോമില്‍ നടക്കുന്ന എക്‌സ്ബിഷനില്‍ വച്ചാണ് ഇന്ത്യയുമായുള്ള കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യക്കു വേണ്ടി കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമാണ് കരാറില്‍ ഒപ്പുവെച്ചത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ (2022) ഹജ്ജിനു 79,237 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് അവസരം ലഭിച്ചത്. 2019 ല്‍ രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചതും 2019ലാണ്. സഊദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അനുവദിച്ച പ്രത്യേക ക്വാട്ട കൂടി (25,000) ഉള്‍പ്പെടുത്തിയായിരുന്നു ഇത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം 2020ലും 2021ലും സഊദിക്ക് അകത്തു നിന്നുള്ളവര്‍ക്ക് മാത്രമായി ഹജ്ജ് തീര്‍ത്ഥാടനം പരിമിതപ്പെടുത്തിയതിനാല്‍ ഇന്ത്യ അടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒരു തീര്‍ത്ഥാടകര്‍ക്കും നേരിട്ട് അവസരം ലഭിച്ചിരുന്നില്ല.
കോവിഡ് നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുകള്‍ വന്ന 2022ല്‍ 79,237 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചത്. ഇത്തവണ ഇത് 1.75 ലക്ഷമായി ഉയര്‍ന്നതോടെ ഹജ്ജ് തീര്‍ത്ഥാടക പ്രവാഹം കോവിഡന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയേക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴിയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും തീര്‍ത്ഥാടനത്തിന് അനുവദിച്ച മൊത്തം ക്വാട്ടയാണ് 1.75 ലക്ഷം. ലഭ്യമായ ക്വാട്ട പ്രകാരം, സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു വരുന്ന കണക്ക് അനുസരിച്ച് കേരളത്തില്‍ നിന്നും ഈ വര്‍ഷം പതിനായിരത്തിലധികം പേര്‍ക്ക് തീര്‍ത്ഥാടനത്തിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.