X

ഹജ്ജ് ഒരുക്കങ്ങള്‍ തുടങ്ങി; മക്കയിലേക്ക് പ്രവേശന നിയന്ത്രണം

വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരമായ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം. ഉംറ ഉള്‍പ്പടെ മക്കയിലേക്ക് പ്രവേശിക്കുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് കരസ്ഥമാക്കണമെന്നും അവ ചെക്ക് പോയിന്റില്‍ കാണിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ സാമി അല്‍ ശുവൈരിഖ് അറിയിച്ചു. പെര്‍മിറ്റില്ലാതെ എത്തുന്നവരെ പരിശോധന കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചയക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജോലി ആവശ്യാര്‍ഥം മക്കയിലേക്ക് വരുന്നവര്‍ പ്രത്യേക പെര്‍മിറ്റ് കൈവശം കരുതണം.

മക്ക ജവാസാത്ത് ഇഷ്യൂ ചെയ്ത ഇഖാമ. ഉംറക്കുള്ള അനുമതി പത്രം, ഹജ്ജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും രേഖകള്‍ കൈവശമുളളവരെ മാത്രമേ മക്കയുടെ അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടുകയുള്ളൂ. സഊദിയിലുള്ള വിദേശികള്‍ക്ക് മേല്‍പ്പറഞ്ഞ നടപടികള്‍ ബാധമാകും. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മക്ക ജവാസാത്ത് ഡയറക്ടറേറ്റ് തുടങ്ങിയിട്ടുണ്ട്.

ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ഹജ്ജ് കാലത്തെ സീസണ്‍ വിസകളില്‍ എത്തുന്നവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ വഴി പെര്‍മിറ്റ് നല്‍കും. അബഷിര്‍ വഴിയും മുഖീം വഴിയുമാണ് അനുമതി നല്‍കുകയെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി അറിയിച്ചു. ഇക്കൊല്ലം ഹജ്ജ് കര്‍മ്മത്തിനെത്തുന്ന പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ വ്യാപൃതരാണ് ഹജ്ജ് ഉംറ മന്ത്രാലയം.

Chandrika Web: