X
    Categories: MoreViews

ഹജ്ജ് നയം: കേന്ദ്രത്തോട് വിശദീകരണം തേടി

 

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്‍പ്പെടുത്തിയതില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി.
രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം കാന്‍വില്‍കര്‍, ഡി. വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ഈ മാസം 30 ലേക്കു മാറ്റി.
ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതില്‍ ജനസംഖ്യാ അനുപാതമല്ല, അപേക്ഷകരുടെ എണ്ണമാണ് മാനദണ്ഡമാക്കേണ്ടതെന്ന് കേരള ഹജ്ജ് കമ്മിറ്റി വാദിച്ചു. സഊദി അറേബ്യന്‍ സര്‍ക്കാര്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം സീറ്റുകള്‍ ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്. 6900 അപേക്ഷകരുള്ള ബിഹാറിന് 12,000 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇത് കാരണം ബിഹാറില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുന്നു.
എന്നാല്‍ 95,000 അപേക്ഷകള്‍ സമര്‍പ്പിച്ച കേരളത്തിന് അയ്യായിരം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉത്തര്‍പ്രദേശിനും, ബിഹാറിനുമാണ് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതെന്ന് കേരള ഹജ്ജ് കമ്മിറ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. അപേക്ഷകര്‍ക്ക് ആനുപാതികമായി ഹജ്ജ് ക്വാട്ട അനുവദിക്കുകയോ, അല്ലെങ്കില്‍ അഖിലേന്ത്യാതലത്തില്‍ നറുക്കെടുപ്പ് നടത്തുകയോ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട് അനുമതി ലഭിക്കുന്ന പഴയ സംവിധാനം എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണ്‍ ഹാജരായി.
ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഈ വര്‍ഷത്തെ ഹാജിമാരുടെ നറുക്കെടുപ്പ് നീട്ടിവെക്കണമെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ സമയക്രമം കൃത്യമായി പാലിക്കണമെന്ന് കോടതി തന്നെ മുന്‍പ് നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും ആഗസ്റ്റിലെ ഹജ്ജിന്റെ ക്രമീകരണങ്ങള്‍ ഉടന്‍ തുടങ്ങിയില്ലെങ്കില്‍ പിന്നീടത് ബുദ്ധിമുട്ടാവുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി 31 സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായി കൂടിയാലോചിച്ച ശേഷമാണ് ദേശീയ നയം രൂപീകരിച്ചതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. അറ്റോര്‍ണി ജനറലിന്റെ വാദം കണക്കിലെടുത്ത കോടതി ഹജ്ജ് നറുക്കെടുപ്പ് മാറ്റിവക്കാന്‍ തയ്യാറായില്ല. എന്നാല്‍ അന്തിമ പട്ടിക കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാവുമെന്നും നറുക്കെടുപ്പ് നടത്തിയതുകൊണ്ട് പട്ടിക അന്തിമമാവണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 30 ശതമാനം ക്വാട്ട നല്‍കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ രണ്ടിരട്ടി തുകയാണ് ഈടാക്കുന്നതെന്ന കാര്യം കേരള ഹജ്ജ് കമ്മിറ്റി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. പുതിയ ഹജ്ജ് നയത്തിലെ തീരുമാനപ്രകാരം ആകെയുള്ള 1,75,000 ക്വാട്ടയുടെ 30% സ്വകാര്യ ഗ്രൂപ്പുകള്‍ക്കായി നിജപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 5% വര്‍ധനവാണ് ഇത്തവണ കൊണ്ടുവന്നത്.

chandrika: