കോഴിക്കോട്: ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യടൂര്‍ ഓപറേറ്റര്‍മാരുടെ ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവ് വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുഃനപരിശോധിച്ചു. 20182022 വര്‍ഷത്തെ കരട് ഹജ്ജ് നയം രൂപീകരിക്കുന്നതിനായുള്ള ഉന്നതാധികാര സമിതി കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധൃതിപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് പുഃനപരിശോധിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ നേരില്‍കണ്ട് ആവശ്യപ്പെട്ടിരുന്നു.
ക്വാട്ട പഴയതു തന്നെയായി വീണ്ടും തീരുമാനിച്ചതോടെ ആറായിരത്തിലേറെ പേര്‍ക്കുകൂടി സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോവാന്‍ അവസരമാവും. 1.70 ലക്ഷമാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട. സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റേഴ്‌സിന് 45,000 പേരെയാണ് ഹജ്ജിന് കൊണ്ടു പോകാനായിരുന്നത്. അവരുടെ ക്വാട്ട വര്‍ധിപ്പിച്ചതോടെ 51,000 ആയി ഉയരുകയും സര്‍ക്കാര്‍ ക്വാട്ടയിലെ ആറായിരത്തിലേറെ പേര്‍ പുറത്താവുകയും ചെയ്തിരുന്നു.
സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ക്വാട്ട വര്‍ധിപ്പിച്ചത് ചോദ്യം ചെയ്തും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണഘടനയുടെ 32ാം അനുഛേദപ്രകാരം നല്‍കിയ റിട്ട് ഹര്‍ജിയില്‍ മുസ്‌ലിംലീഗും കക്ഷി ചേര്‍ന്നു. അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി സംസ്ഥാനങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട അനുവദിക്കുക, കരിപ്പൂരില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയന്റ് പുനഃസ്ഥാപിക്കുക, കുറഞ്ഞ നിരക്കില്‍ ഹജ്ജ് വിമാന സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനായി ആഗോള ടെണ്ടര്‍ ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കുന്ന തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള റിട്ട് ഹര്‍ജിയുമായി മുന്നോട്ടു പോവുമെന്നും ഇ.ടി അറിയിച്ചു.