X

ഹജ്ജ് നയം വൈകുന്നു; അപേക്ഷ സമര്‍പ്പണത്തിനുള്ള നടപടികള്‍ തുടങ്ങിയില്ല

ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം

2023 ജൂണ്‍ അവസാന വാരത്തില്‍ നടക്കാനിരിക്കുന്ന ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള അപേക്ഷ സമര്‍പ്പണത്തിനുള്ള നടപടികള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇനിയും തുടങ്ങിയില്ല. നവംബര്‍ ആദ്യത്തില്‍ ആരംഭിക്കേണ്ടിയിരുന്ന അപേക്ഷ സമര്‍പ്പണം രണ്ട് മാസമായിട്ടും ക്ഷണിച്ചില്ല.കേന്ദ്ര സര്‍ക്കാരിന്റെ 2022 – 2027 കാലത്തേക്കുള്ള ഹജ്ജ് നയം രൂപീകരിച്ചാലെ അപേക്ഷ ക്ഷണിക്കാനാവൂ.

എന്നാല്‍ ഹജ്ജ് നയം രൂപീകരിക്കുന്നത് വൈകുകയാണ്. ഓരോ അഞ്ച് വര്‍ഷത്തിനുമാണ് ഹജ്ജ് നയം രൂപീകരിക്കാറ്. അഞ്ച് വര്‍ഷം മുമ്പാണ് ഒടുവില്‍ ഹജ്ജ് നയം രൂപികരിച്ചത്. യഥാസമയം ഹജ്ജ് നയം രൂപീകരിക്കാത്തത് കേന്ദ്ര സര്‍ക്കാറിന്റെ അലംഭാവമൂലമാണെന്നാണ് പരാതി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഇക്കാര്യത്തില്‍ മൗനത്തിലാണെന്ന പരാതിയുണ്ട്. സാധാരണ ഗതിയില്‍ നറുക്കെടുപ്പ് വരെ നടക്കേണ്ട സമയം പിന്നിടുകയാണ്. അപേക്ഷ ക്ഷണിക്കുന്നത് വൈകുന്നത് അവസരം കാത്തിരിക്കുന്ന ഹാജിമാര്‍ക്ക് ബുദ്ധിമുട്ടുളവാക്കും. പരിശീലനത്തിനുള്ള അവസരവും മറ്റു സൗകര്യങ്ങളും കുറയും.

ജനുവരി 1 ന് അപേക്ഷ സമര്‍പ്പണം തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതേ കുറിച്ച് ഹജ്ജ് വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ചതിനു ശേഷം ഒട്ടേറെ നടപടി ക്രമങ്ങളുണ്ട്. ഇതെല്ലാം വൈകുകയാണ്. ഹജ്ജ് തീര്‍ത്ഥാടകര്‍ ഇത് മൂലം ഏറെ ആശങ്കയിലാണ്.

webdesk11: