അഷ്റഫ് വേങ്ങാട്ട്
റിയാദ്: ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് സഊദിയിലേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ പുണ്യ സ്ഥലങ്ങളില്‍ ചെലവിനുള്ള പണം നാട്ടില്‍ നിന്ന് തന്നെ സഊദി റിയാലായി മാറ്റി കൈവശം വെക്കണമെന്ന് കെഎംസിസി ഹജ്ജ് സെല്‍ അറിയിച്ചു. ഇന്ത്യന്‍ രൂപയുമായി എത്തുന്നവര്‍ക്ക് കറന്‍സി പെട്ടെന്ന് മാറികിട്ടാന്‍ തടസം നേരിട്ടാല്‍ ചെലവിന് ബുദ്ധിമുട്ടാകുന്ന സാഹചര്യമുണ്ടെന്നും ചുരുങ്ങിയത് രണ്ടായിരത്തി അഞ്ഞൂറ് റിയാലെങ്കിലും കൈവശം വെക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്നും ഹജ്ജ് സെല്‍ നേതാക്കള്‍ പറഞ്ഞു.
മദീനയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഹജ്ജ് കോ ഓഡിനേറ്ററായി ചുമതലയുള്ള മുന്‍ മലപ്പുറം ജില്ലാ കലക്ടര്‍ കൂടിയായ ജാഫര്‍ മാലിക്ക് ഇത്തരം തീത്ഥാടകര്‍ നേരിടുന്ന പ്രതിസന്ധി കെഎംസിസി ഹജ്ജ് സെല്ലുമായി പങ്ക് വെച്ചിരുന്നു.അതോടൊപ്പം ഇന്ത്യയില്‍ ഈയിടെ നിരോധിച്ച രണ്ടായിരം രൂപയുടെ കറന്‍സി സഊദിയില്‍ വിനിമയം നടത്താന്‍ സാധിക്കില്ല. ഇവിടെയുള്ള എക്‌സ്‌ചേഞ്ചുകള്‍ രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കുന്നില്ലെന്നും നാട്ടില്‍ നിന്ന് ഇന്ത്യന്‍ രൂപ കൊണ്ടുവരുന്നവര്‍ ഒരു കാരണവശാലും രണ്ടായിരത്തിന്റെ കറന്‍സി കൊണ്ടുവരരുതെന്നും ഹജ്ജ് സെല്‍ നേതാക്കള്‍ ഓര്‍മപ്പെടുത്തി.
കൂടാതെ ഒരേ വിമാനത്തില്‍ വരുന്നവര്‍ക്ക് വിത്യസ്ത താമസ കേന്ദ്രങ്ങളായതിനാല്‍ തീര്‍ത്ഥാടകരുടെ ലഗേജുകള്‍ അതാത് കേന്ദ്രങ്ങളിലെത്താന്‍ വൈകാനിടയുണ്ടെന്നും തീത്ഥാടകര്‍ അവരവരുടെ ഹാന്‍ഡ് ലഗേജില്‍ ഒരാഴ്ച്ചക്കുള്ള വസ്ത്രങ്ങളും മരുന്നുകളും ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കള്‍ സൂക്ഷിക്കണമെന്നും ഹജ്ജിന് പുറപ്പെടാനിരിക്കുന്നവരോഡും ബന്ധുക്കളോടും സഊദി കെഎംസിസി ഹജ്ജ് സെല്‍ ആവശ്യപ്പെട്ടു. ലഗ്ഗേജ് കിട്ടാന്‍ താമസിച്ചാല്‍ ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും കഴിക്കുന്ന മരുന്നും ഹാന്‍ഡ് ലഗേജിലുണ്ടാകണമെന്നും ഹജ്ജ് സെല്‍ നേതാക്കളായ അഹമ്മദ് പാളയാട്ട് , മുജീബ് പൂക്കോട്ടൂര്‍, അരിമ്പ്ര അബൂബക്കര്‍, കുഞ്ഞിമോന്‍ കാക്കിയ എന്നിവര്‍ പറഞ്ഞു.