X

പുതിയ ഹജ്ജ് നയം ഈയാഴ്ച

മുംബൈ-ജിദ്ദ കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചേക്കും

മുംബൈ: 2018ലെ ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഹജ്ജ് യാത്രാ നയം കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. കപ്പല്‍മാര്‍ഗം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ ജിദ്ദയിലെത്തിക്കാനാള്ള പദ്ധതിയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രണ്ട് പതിറ്റാണ്ട് മുമ്പ് നിര്‍ത്തിവെച്ച മുംബൈ-ജിദ്ദ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2022 ആകുമ്പോഴേക്കും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള വിമാന സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് 2012ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് വിമാനം വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. യാത്രാചെലവ് കുറക്കാന്‍ കപ്പല്‍ യാത്ര സഹായിക്കുമെന്നാണ് കരുതുന്നത്. അതേസമയം രാജ്യത്തെ 21 എംബാര്‍കേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വിമാനമാര്‍ഗം ഹജ്ജിന് പുറപ്പെടാനാണ് തീര്‍ത്ഥാടകര്‍ ആഗ്രഹിക്കുന്നത്.
ഇതിനു പുറമെ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഹജ്ജിന് അനുമതി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുവഴി ഹജ്ജ് തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം യാത്ര സാധ്യമാക്കാനാവുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കപ്പല്‍ വഴിയുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്ര 1995ലാണ് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ഹജ്ജ് തീര്‍ത്ഥാടകരുമായി പോയിരുന്ന എം.പി അക്ബരി എന്ന കപ്പലിന്റെ കാലപ്പഴക്കമാണ് ഇത് നിര്‍ത്തലാക്കാന്‍ കാരണമായത്. ആധുനിക കപ്പല്‍ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ ഒരു യാത്രയില്‍ 4,000 മുതല്‍ 5,000 പേരെ കൊണ്ടു പോകാന്‍ കഴിയുമെന്നും 2300 നോട്ടിക്കല്‍ മൈല്‍ വരുന്ന മുംബൈ-ജിദ്ദ യാത്രക്ക് രണ്ട്-മൂന്ന് ദിവസത്തെ യാത്ര മാത്രമേ മതിയാവൂ എന്നുമാണ് കണക്കാക്കുന്നത്.
നേരത്തെ മുംബൈ മസഗാവോനില്‍ നിന്നും ജിദ്ദയിലേക്ക് ഏഴ് ദിവസമാണ് എടുത്തിരുന്നത്.

chandrika: