സുരക്ഷാ വിഭാഗം ആവശ്യപ്പെടുമ്പോള്‍ ആഭ്യന്തര ഹാജിമാര്‍ മൊബൈലിലെ ഡിജിറ്റല്‍ ഹജ്ജ് പെര്‍മിറ്റ് കാണിക്കണം. ആഭ്യന്തര ഹാജിമാരുടെ ചുമതലയുള്ള ഹജ്ജ് കമ്പനികളുടെ ഏകോപന സമിതിയുടേതാണ് അറിയിപ്പ്. ഹാജിമാര്‍ക്കായി തവക്കല്‍നാ ആപ്ലിക്കേഷന്‍ ഏഴ് ഭാഷകളില്‍ ലഭ്യമാകുമെന്ന് അധികൃതര്‍.
ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഹാജിമാര്‍ മിനയിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. നാളെ വൈകുന്നേരം വരെ ആഭ്യന്തര തീര്‍ഥാടകരുടെ വരവ് തുടരും. മക്കയില്‍ പ്രവേശിക്കുമ്പോഴും പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോഴും ആഭ്യന്തര തീര്‍ഥാടകര്‍ തങ്ങളുടെ ഡിജിറ്റല്‍ കാര്‍ഡ് സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കേണ്ടതാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഇവ കാണിക്കേണ്ടി വരും. എല്ലാ തീര്‍ഥാടകരും നുസുക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. അതില്‍ ഡിജിറ്റല്‍ പെര്‍മിറ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ഹജ്ജ് കമ്പനികളുടെ ഏകോപന സമിതി നിര്‍ദേശിച്ചു.
പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിനും മക്കയിലെ ഹറം പള്ളിയിലേക്ക് പ്രവേശിക്കുവാനും ഇത് നിര്‍ബന്ധമാണെന്ന് ഹജ്ജ് മന്ത്രാലയം. ഹജ്ജ് തീര്‍ഥാടകര്‍ക്ക് വേണ്ടി തവക്കല്‍നാ ആപ്പിന്റെ സേവനങ്ങള്‍ ഹിന്ദിയും ഉറുദുവും ഇംഗ്ലീഷും ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ ലഭ്യമാകുമെന്ന് തവക്കല്‍ന അറിയിച്ചു. 77 രാജ്യങ്ങളില്‍ നിന്ന് ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം. മക്കയിലേയും മദീനയിലേയും കാലാവസ്ഥ, ഖിബല സേവനം, ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ്, വാഹനങ്ങള്‍ക്കും വ്യക്തികള്‍ക്കും പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാനുള്ള പെര്‍മിറ്റുകള്‍ തുടങ്ങി 241 സേവനങ്ങള്‍ തവക്കല്‍നയിലൂടെ ലഭ്യമാകും.