X

ഹജ്ജ്; മതിയായ രേഖകളില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാല്‍ കനത്ത ശിക്ഷ

ജിദ്ദ : മതിയായ രേഖകളില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാല്‍ 50000 റിയാല്‍ പിഴയും, ആറുമാസം തടവും, വാഹനം കണ്ടു കെട്ടലും ലഭിക്കുമെന്ന് ജവാസത്തിന്റെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് മക്കയില്‍ കടക്കാന്‍ ശ്രമിക്കുന്നവരെ കാത്തിരുക്കുന്നത് കനത്ത ശിക്ഷ. ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിന് സുരക്ഷ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പെട്രോളിങിനായി കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം മക്ക കവാടത്തില്‍ വെച്ച് 574 െ്രെഡവര്‍മാരെ ജവാസാത്ത് ശിക്ഷിച്ചിരുന്നു. ഇതേ വര്‍ഷം അനുമതി പത്രമില്ലാതെ പ്രവേശനം വിലക്കിയതിന്റെ തുടക്കത്തില്‍ തന്നെ അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,64,000 പേരെ മടക്കി അയക്കുകയും 34,742 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തിരുന്നു.

ജിദ്ദയില്‍നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും സ്വന്തം വാഹനങ്ങളില്‍ ഹജ്ജിനത്തെിയ ബന്ധുക്കളെ കാണാന്‍ മക്കയിലേക്ക് പുറപ്പെട്ട നിരവധി പേരെ ചെക്ക്‌പോയിന്റില്‍ തടഞ്ഞുവെച്ച് വിരലടയാളം രേഖപ്പെടുത്തി മടക്കി അയക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിരലടയാളം രേഖപ്പെടുത്തുന്നവര്‍ക്ക് ഇഖാമ പുതുക്കുമ്പോഴും മറ്റും നിയമക്കുരുക്കില്‍ കുരുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന എസ്.എം.എസ് സന്ദേശം ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്‍ അയക്കുന്നുമുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് ബന്ധുക്കളെയും മറ്റും കാണാന്‍ മക്കയിലേക്ക് തിരിക്കുന്ന നിരവധി പേരാണ് സുരക്ഷ പരിശോധനയില്‍ അന്ന് കുടുങ്ങിയത്.

ദുല്ഹജ്ജ് എട്ട്, ഒമ്പത് ദിവസങ്ങളില്‍ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള അനധികൃത പ്രവേശം തടയാന്‍ മക്കയുടെ അതിര്‍ത്ഥികളിലും ഉള്‍പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കും. അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായും തടയും. അനധികൃതമായി പ്രവേശിക്കുന്നവരെ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും. പുണ്യസ്ഥലങ്ങളിലേക്കുള്ള പോക്കുവരവുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘമുണ്ടാകും.

chandrika: