ഈ വര്‍ഷം വിവിധ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിമാനങ്ങളെ പ്രഖ്യാപിച്ചു. കോഴിക്കോടിനും കണ്ണൂരിനും ഏറ്റവും ചെറിയ വിമാനങ്ങള്‍. രണ്ട് കേന്ദ്രങ്ങളില്‍ നിന്നും 200 പേര്‍ക്ക് മാത്രം പുറപ്പെടാവുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് അനുവദിച്ചത്.
അതേസമയം, കേരളത്തിലെ മറ്റൊരു പുറപ്പെടല്‍ കേന്ദ്രമായ കൊച്ചിക്ക് വലിയ വിമാനം അനുവദിച്ചു. സഊദി എയര്‍ലൈന്‍സിന്റെ 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജംബോ വിമാനമാണ് കൊച്ചിയിലെത്തുക. കൊച്ചിക്ക് പുറമേ മുംബൈ, ഡല്‍ഹി ലക്നോ എന്നീ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് സഊദി എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍ തന്നെയാണ് ഹാജിമാരെയും വഹിച്ചു പറക്കുക.
ജയ്പൂര്‍, ചെന്നൈ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനം സര്‍വീസ് നടത്തും. ഹൈദരാബാദ് ബേംഗളൂരു പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് വിസ്താര എയര്‍ലൈന്‍സും കൊല്‍ക്കത്തയില്‍ നിന്ന് ഫ്‌ലൈ എ ഡീല്‍ എയര്‍ലൈന്‍സും നാഗ്പൂര്‍ ഇന്‍ഡോര്‍, ഭോപ്പാല്‍, അഹമ്മദാബാദ്, ശ്രീനഗര്‍, റാഞ്ചി, വിജയവാഡ, ഔറംഗാബാദ്, ഗയ, ഗുവാഹത്തി പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഫ്‌ലൈ ഗോ ഫസ്റ്റ് വിമാന കമ്പനിക്കുമാണ് ഹാജിമാരെ കൊണ്ടുപോകുന്നതിന് കരാര്‍ ലഭിച്ചത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്ത പുറപ്പെടല്‍ കേന്ദ്രമായ കരിപ്പൂരിനും കണ്ണൂരിനും ചെറിയ വിമാനം അനുവദിച്ചത് ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. കൂടുതല്‍ ദിവസങ്ങള്‍ ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍ റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന കാരണമാണ് കരിപ്പൂര്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രത്തെ അവഗണിക്കുന്നതിന് കാരണമായത്. അതേസമയം, മുമ്പ് സഊദി എയര്‍ലൈന്‍സ് ജംബോ വിമാനം കരിപ്പൂരില്‍ നിന്ന് 400 പേരുമായി സര്‍വീസ് നടത്തിയിരുന്നു.