X

ഹജ്ജ്: ആദ്യ വിമാനം ശനിയാഴ്ച

നെടുമ്പാശ്ശേരി: 2022 ലെ ഹജ്ജ് കര്‍മത്തിനു സര്‍ക്കാര്‍ മുഖേന പുറപ്പെടുന്ന തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ 4 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 377 യാത്രക്കാരുമായി പുറപ്പെടും. സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. കേരളത്തില്‍ നിന്നുള്ള 5758 (പുരുഷന്മാര്‍ 2056, സ്ത്രീകള്‍ 3702) തീര്‍ത്ഥാടകര്‍ക്കു പുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാന്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള 1989 തീര്‍ത്ഥാടകരും ഇത്തവണ കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് യാത്രയാവുന്നത്. ജൂണ്‍ 4 മുതല്‍ 16 വരെ സഊദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ ചെയ്ത 20 വിമാനങ്ങളിലായാണ് തീര്‍ത്ഥാടകരുടെ യാത്ര. ഓരോ വിമാനത്തിലും 377 തീര്‍ത്ഥാടകരുണ്ടാവും.

ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന ഹാജിമാര്‍ ഇന്ന് രാവിലെ 8.30 ന് ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ക്യാമ്പില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുള്ള പ്രത്യേക സൗകര്യം എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വോളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹജ്ജ് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇതിനകം ക്യാമ്പിലെത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹാജിമാരെ സൗകര്യ പൂര്‍വം യാത്രയാക്കുന്നതിനു വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു.

അതേ സമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ഹാജിമാരും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍ക്കുലര്‍ നമ്പര്‍ 28 പ്രകാരം ഇതുവരെ അടച്ച 3,84200/ (മുന്ന് ലക്ഷത്തി എണ്‍പത്തി നാലായിരത്തി ഇരുനൂറ് രൂപ)ക്കു പുറമെ ഓരേ ഹാജിയും 5300 രൂപ വീതം ഓരോ കവര്‍ നമ്പറിനും അനുവദിച്ചിട്ടുള്ള പേ ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേയോ ശാഖ മുഖേനയോ ഓണ്‍ലൈന്‍ വഴിയോ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് അടക്കണം. പണം അടക്കല്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Chandrika Web: