കോഴിക്കോട്: ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുക, വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുമായി ഹജ്ജ് എംബാര്‍കേഷന്‍ ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകീട്ട് 4 മണിക്ക് എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നില്‍പ് സമരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള ഹജ്ജ് വെല്‍ഫയര്‍ അസോസിയേഷനും ഹജ്ജ് വെല്‍ഫെയര്‍ ഫോറവും സംയുക്തമായാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ 80 ശതമാനത്തിലധികം ഹജ്ജ് അപേക്ഷകരും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. എന്നിട്ടും ഇരുപത് ശതമാനം ഹജ്ജ് യാത്രക്കാര്‍ മാത്രം ആശ്രയിക്കുന്ന കൊച്ചി എയര്‍ പോര്‍ട്ടിനെ യാത്രാ കേന്ദ്രമാക്കി മാറ്റിയത് ബഹുഭൂരിപക്ഷം ഹജ്ജ് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്.
2019 ല്‍ 9329 പേരാണ് കരിപ്പൂരില്‍ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാല്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് ആകെ 2143 പേര്‍ മാത്രമാണ് പുറപ്പെട്ടത്. 1988 ല്‍ സ്ഥാപിതമായ കരിപ്പൂര്‍ എയര്‍പോര്‍ട്ട് 1992 ലാണ് അന്തരാഷ്ട്ര വിമാനത്താവളമായി മാറിയത്. ഇവിടെ വലിയ വിമാനങ്ങള്‍ കാലങ്ങളോളം ഇറങ്ങിയിരുന്നു. ടേബിള്‍ ടോപ്പ് എയര്‍പ്പോര്‍ട്ട് എന്ന പേരു പറഞ്ഞ് കരിപ്പൂരിനെ അവഗണിച്ചു കൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പി.ടി ഇമ്പിച്ചിക്കോയ (ബിച്ചു), പി.ഡി ഹനീഫ പുളിക്കല്‍, സി.എ ആരിഫ് ഹാജി, മംഗലം സന്‍ഫാരി, അബ്ദുല്‍കരീം പറമ്പാടന്‍ എന്നിവര്‍ സംബന്ധിച്ചു.