കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും സ്വീകരിച്ചു തുടങ്ങി. മലപ്പുറം താനൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിതൗട്ട് മെഹ്‌റം അപേക്ഷക പറമ്പേരി ആസ്യയാണ് ഇന്നലെ ആദ്യ അപേക്ഷകയായി ഹൗജ്ജ് ഹൗസിലെത്തി പാസ്‌പോര്‍ട്ടും പണമടച്ച രശീതിയും അനുബന്ധ രേഖകളും സമര്‍പ്പിച്ചത്.
തിരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സ് തുകയായ 81,800 രുപ അടവാക്കിയ സ്ലിപ്പ്, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്), ഫോട്ടോ പതിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം, പാസ്‌പോര്‍ട്ട് കോപ്പി, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കവര്‍ ലീഡറിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് (പാസ്ബുക്ക്/ ചെക്ക് ലീഫ് കോപ്പി) എന്നിവയാണ് സമര്‍പ്പിക്കേണ്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂര്‍ ഹജ്ജ് ഹൗസിലോ, കോഴിക്കോട് പുതിയറ റീജിയണല്‍ ഓഫീസിലോ ആണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 10 ആണ് രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. തിരഞ്ഞെടുക്കപ്പെവര്‍ ആദ്യ ഗഡു ഇന്നലെ മുതല്‍ അടവാക്കി തുടങ്ങി. എന്നാല്‍ സര്‍വയര്‍ തകരാര്‍ ഉള്‍പ്പെടെ കാരണങ്ങളാല്‍ ഇന്നലെ ഉച്ച വരെ പലര്‍ക്കും പണം അടക്കാന്‍ സാധിച്ചിട്ടില്ല. തിരഞ്ഞെടുത്തവരുടെ ഹജ്ജ് സംബന്ധമായ രേഖകള്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി ബന്ധപ്പെട്ട ബാങ്കുമായി ബന്ധിപ്പിക്കുന്നതില്‍ വരുന്ന കാലതാമസമാണ് ഇതിന് കാരണം.