കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് വിമാനക്കൂലി കുറയ്ക്കുന്നതിനുള്ള ഇടപെടലുകള്‍ തുടരാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തെയുള്ള നിരക്കില്‍ മാറ്റം വരുത്താൻ അധികൃതർ തയ്യാറായെങ്കിലും കേരളത്തിലെ മറ്റു എംബാർക്കേഷൻ പോയിന്റുകളിലേതിനു തുല്യമാക്കാൻ സമ്മർദ്ദം തുടരും. ഹജ്ജിന് പുറപ്പെടുന്നവരുടെ യാത്രയും അനുബന്ധ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങള്‍ യോഗം ചർച്ച ചെയ്തു.
റംസാനിന് മുമ്പായി ജില്ലാ/ മണ്ഡല തലങ്ങളില്‍ ഹജ്ജ് കമ്മിറ്റി ട്രെയ്നർമാർ മുഖേന ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ പൂർത്തിയാക്കും. ഇതിനായി പതിനഞ്ചംഗ ട്രെയ്നിംഗ് ഫാക്കല്‍റ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലന ശില്‍പ്പശാല 16ന് കോഴിക്കോട് പുതിയറയില്‍ നടക്കും.
ഹജ്ജ് ക്യാമ്പിന് മുന്നോടിയായി ഹജ്ജ് ഹൗസിലെ അറ്റകുറ്റ പണികള്‍ പൂർത്തിയാക്കും. യാത്രക്കാരായ വനിതകള്‍ക്ക് പ്രാഥികാവശ്യങ്ങള്‍ക്കും നമസ്‌കാരം നിർവഹിക്കുന്നതിനും പ്രത്യേക റൂം സജ്ജീകരിക്കും. സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ ഹജ്ജ് ക്യാമ്പുകളുടെ പ്രവർത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘം അടുത്ത ആഴ്ചകളില്‍ എംബാർക്കേഷൻ പോയിന്റുകളില്‍ സന്ദർശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തും.
ഹജ്ജ് ഹൗസില്‍ അടുത്തയാഴ്ച സന്ദർശകർക്കായി ലൈബ്രറി ഉദ്ഘാടനം ചെയ്യും. ഹജ്ജ്, ഉംറ കർമ്മങ്ങള്‍ ആസ്പദമാക്കിയുള്ള ഗ്രന്ഥങ്ങള്‍ക്ക് പുറമെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളും ലഭ്യമാക്കും.
യോഗത്തില്‍ ചെയർമാൻ സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ അഡ്വ. പി.മൊയ്തീൻകുട്ടി, ഡോ. ഐ.പി.അബ്ദുല്‍ സലാം, കെ.ഉമർ ഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, സഫർ കയാല്‍, പി.ടി.അക്ബർ, പി.പി.മുഹമ്മദ് റാഫി, എക്സിക്യൂട്ടീവ് ഓഫീസർ പി.എം.ഹമീദ്, അസി.സെക്രട്ടറി എൻ.മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.