X

ഹജ്ജ്: നിബന്ധനകളിൽ ഇളവു വന്നേക്കും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിക്കുന്നവർക്ക് പാസ്പോർട്ട് കൈമാറുന്നതിനുള്ള സമയം കുറയ്ക്കുന്നതടക്കം നിബന്ധനകളിൽ കാര്യമായ ഇളവു വന്നേക്കും.

സംസ്ഥാനസർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും നൽകിയ നിവേദനങ്ങൾ പരിഗണിച്ച് ഹജ്ജ് നടപടിക്രമങ്ങളിൽ കാതലായ മാറ്റംവരുത്തുമെന്ന് മുംബൈയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വിളിച്ചുചേർത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് പ്രതിനിധികളുടെ യോഗത്തിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

ഹജ്ജിന് അവസരം ലഭിക്കുന്നവരുടെ പാസ്പോർട്ട് പരിശോധനയ്ക്കുവേണ്ടി മുംബൈ ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് അയക്കേണ്ടതില്ലെന്നും പകരം യാത്രാ ഷെഡ്യൂളിന്റെ നിശ്ചിതസമയത്തിനു മുൻപ് സമർപ്പിച്ചാൽ മതിയാകുമെന്ന നിർദേശം സംസ്ഥാന ഹജ്ജ് കമ്മിറ്റി നൽകിയിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ ഒട്ടേറെപ്പേർക്ക് പ്രയോജനപ്പെടും. രേഖകൾ നൽകുമ്പോൾ നിശ്ചിതമാതൃകയിലുള്ള സത്യവാങ്മൂലം നൽകിയാൽ മതിയാകും.

ഇത്തവണ ഹജ്ജ് വിസ നേരത്തെ സ്റ്റാമ്പ് ചെയ്യാനും കെട്ടിട നമ്പറും റൂം നമ്പറും യാത്രയ്ക്കു മുമ്പു തന്നെ ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കുമെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫീസർ യോഗത്തിൽ അറിയിച്ചു. 65 വയസ്സ് കഴിഞ്ഞയാളെ അനുഗമിക്കാൻ 60 കഴിഞ്ഞ ഭാര്യയെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങിയേക്കും.

നിലവിൽ 65 വയസ്സിനു മുകളിലുള്ളവർക്ക് സഹായിയായി 18-നും 60- നും ഇടയിൽ പ്രായമുള്ള അടുത്ത ബന്ധുവിനെയാണ് അംഗീകരിക്കുന്നത്. ഇരുവർക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് അവസരം നൽകും. നിലവിൽ 60 വയസ്സിനുമുകളിലുള്ള ഭാര്യക്ക് 65 കഴിഞ്ഞ ഭർത്താവിനൊപ്പം സഹായിയായി ഹജ്ജിന് പുറപ്പെടാൻ കഴിയില്ല.

webdesk14: