X

ഹജ്ജ്: കരിപ്പൂരിനോടുള്ള കേന്ദ്ര അവഗണന തുടരുന്നു

കൊണ്ടോട്ടി: ഹജ്ജ് സര്‍വീസിന് ആവശ്യമായ മുഴുവന്‍ സൗകര്യവും ഉണ്ടായിട്ടും 2021 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയത് മലബാറിനോടും കരിപ്പൂരിനോടുമുള്ള കേന്ദ്ര അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഹജ്ജ് യാത്രക്കാരില്‍ 80 ശതമാനവും മലബാറില്‍ നിന്നുമാണെന്ന വസ്തുത നിലനില്‍ക്കെ കേന്ദ്രം കൊച്ചിയെ പരിഗണിച്ചത് ദുരൂഹമാണ്.

വിശാലമായ സംസ്ഥാന ഹജ്ജ് ഹൗസ് കരിപ്പൂരില്‍ നിലനില്‍ക്കെയാണ് നെടുമ്പാശ്ശേരിയില്‍ താല്‍ക്കാലിക ഹജ്ജ് ക്യാമ്പ് ഒരുക്കേണ്ടി വരുന്നത്. 10 കോടി രൂപയില്‍ നിര്‍മ്മിച്ച 1000 പേര്‍ക്ക് സൗകര്യമുള്ള ഹജ്ജ് ഹൗസിന് പുറമെ 8.2 കോടി രൂപ ചെലവില്‍ പുതിയ വനിതാ കെട്ടിട നിര്‍മ്മാണം അവസാന ഘട്ടത്തിലായിരിക്കെയാണ് ഹജ്ജ് സര്‍വീസ് കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നത്. വനിത കെട്ടിടത്തില്‍ ആവട്ടെ 500 പേര്‍ക്കുള്ള സൗകര്യമൊരുക്കിയാണ് നിര്‍മ്മാണം. ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി സംസ്ഥാന ഹജ്ജ് ഹൗസില്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ കോവിഡ് കേന്ദ്രമായിരുന്ന ഹജ്ജ് ഹൗസ് ഒക്ടോബര്‍ 31 ഓടെ കോവിഡ് സേവനം അവസാനിപ്പിച്ച് ഹജ്ജ് സര്‍വീസിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.

നാളെ മുതല്‍ രണ്ടാമത്തെ ഹജ്ജ് സേവന കേന്ദ്രം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടങ്ങും. ഇതിനിടയാണ് കേന്ദ്രം കൊച്ചിയെ എംബാര്‍ക്കേഷന്‍ പോയന്റാക്കി പ്രഖ്യാപിച്ചത്. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ കരിപ്പൂര്‍ അനുകൂലമാണന്ന് ഡി.ജി.സി.എ കേന്ദ്ര വ്യാമയാന വകുപ്പിനെ അറിയിച്ചിട്ടും കരിപ്പൂരിന്റെ ശനി ദശ തുടരുകയാണ്. കരിപ്പൂരിനെ തഴഞ്ഞ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

 

Test User: