X

ഹജ്ജ് അപേക്ഷ സ്വീകരിച്ചുതുടങ്ങി; രണ്ടു പുറപ്പെടല്‍ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് പത്താം തീയ്യതിയാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://hajcommittee.gov.in/ലൂടെയും, ഹജ്ജ് കമ്മിറ്റിയുടെ HCOI മൊബൈല്‍ ആപ്പിലൂടെയും അനുബന്ധ രേഖകള്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കാം. 1,75,025 പേരുടെ ക്വാട്ടയാണ് ഇത്തവണ ഇന്ത്യയ്ക്ക് സൗദി അനുവദിച്ചിരിക്കുന്നത്.

80 ശതമാനം ക്വാട്ടയും സര്‍ക്കാര്‍ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും ആയിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 70:30 ആയിരുന്നു. ഇതിന് പുറമെ വി.ഐ.പി ഹജ്ജ് ക്വാട്ട പൂര്‍ണമായും നിര്‍ത്തലാക്കുകയും ഹജ്ജിന് അപേക്ഷിക്കാനുള്ള 300 രൂപയുടെ ഫീസ് പൂര്‍ണമായും എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. അര ലക്ഷം രൂപയുടെയെങ്കിലും കുറവ് ഇക്കുറി ഓരോ തീര്‍ത്ഥാടകനും ഉണ്ടാവും.

ഹാജിമാരില്‍ നിന്ന് പണം ഈടാക്കി ഹജ്ജ് കമ്മിറ്റി ബാഗ്, കുട എന്നിവ വാങ്ങി നല്‍കുന്ന രീതി ഇക്കുറി ഉണ്ടാവില്ല. പകരം ഹാജിമാര്‍ തന്നെ അവര്‍ക്ക് ആവശ്യമായ ബാഗും കുടയും കൊണ്ടുവന്നാല്‍ മതിയാവും. ബാഗിന്റെയും കുടയുടെയും പേരില്‍ വലിയ അഴിമതി നടന്നിരുന്നു. ഹാജിമാരില്‍ നിന്ന് ഇന്ത്യന്‍ രൂപ വാങ്ങി സൗദി റിയാലാക്കി കൈവശം വെയ്ക്കാന്‍ കൊടുത്തിരുന്ന നടപടിയും ഇക്കുറി ഉണ്ടാവില്ല.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ രണ്ടു പുറപ്പെടല്‍ കേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കാം. കേരളത്തില്‍നിന്ന് കരിപ്പൂരും കൊച്ചിയും കണ്ണൂരും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമാണ്. ആദ്യമായാണ് പുറപ്പെടല്‍ കേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നത്.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് കിട്ടും.

മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. മാര്‍ച്ച് പത്തിനുള്ളില്‍ അനുവദിച്ചതും 2024 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ളതുമായ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ട്), മുഖ്യ അപേക്ഷകന്റെ (കവര്‍ ഹെഡ്) കാന്‍സല്‍ ചെയ്ത ഐ.എഫ്.എസ്. കോഡുള്ള ബാങ്ക് ചെക്കിന്റെ/പാസ്ബുക്കിന്റെ പകര്‍പ്പ്, മേല്‍വിലാസം തെളിയിക്കുന്ന രേഖ, കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും അപ്ലോഡ് ചെയ്യണം.

 

webdesk11: