X
    Categories: News

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാനുള്ള അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ ലഭിച്ചത് 17,949 അപേക്ഷകള്‍. ഇതില്‍ 3678 അപേക്ഷകള്‍ 65 വയസിന് മുകളുലുള്ളവരുടെ വിഭാഗത്തിലും 1958 അപേക്ഷകള്‍ പുരുഷ മെഹ്‌റമില്ലാത്തവരുടെ വിഭാഗത്തിലും 12,313 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ്.

മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍പേര്‍ക്ക് അവസരം ലഭിച്ചതിനാലാണ് ഇത്തവണ അപേക്ഷകള്‍ കുറയാന്‍ കാരണം. കഴിഞ്ഞമാസം 12 മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരണം ആരംഭിച്ചത്. ഈ മാസം 9ന് സമയപരിധി അവസാനിപ്പിക്കാനായിരുന്നു തീരുമാനം. പിന്നീട് ഈ മാസം 23 വരെ നീട്ടുകയായിരുന്നു.

ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതുവരെ ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകളാണ്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ടക്ക് അനുസരിച്ചുള്ള അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ഒരാഴ്ചകൂടി നീട്ടുമെന്നാണ് സൂചന.

കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍. 18,200 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് നല്‍കുന്ന രീതി ഒഴിവാക്കും. യാത്രയുടെ അവസാന നിമിഷം പാസ്‌പോര്‍ട്ട് നല്‍കിയാല്‍ മതിയാകും. സംസം ലഭിക്കുന്നത് അഞ്ച് ലിറ്ററില്‍ നിന്ന് 10 ലിറ്ററായി വര്‍ധിപ്പിക്കും.

webdesk13: