ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഹജ്ജ് വിസയില്‍ എത്തുന്നവര്‍ക്കായി ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനവുമായി സൗദി ഭരണകൂടം. ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് ആവശ്യമായ സേവനം ഒരുക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനമെന്ന് അധികൃതര്‍ അറിയിച്ചു.
സൗദി വിഷന്‍ 2030ന്റെ ലക്ഷ്യവുമായി കൈകോര്‍ത്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സൗദി സര്‍ക്കാരിന്റെ കീഴിലെ വിദേശകാര്യം, ഹജ്ജ്, ഉംറ മന്ത്രാലയവും സൗദി ഡാറ്റ ആന്‍ഡ് എഐ അതോറിറ്റി മന്ത്രാലയും സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് അവരുടെ യാത്ര കാര്യക്ഷമമാക്കുന്നതിനും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും.
അബ്ഷര്‍, തവക്കല്‍ന ഫാറ്റ്‌ഫോമുകളിലൂടെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി ഇലക്ട്രോണിക്‌സ് രൂപത്തില്‍ പരിശോധിക്കാൻ കഴിയും. മക്ക റൂട്ട് ഇനീഷ്യേറ്റീവിന്റെ ഉപയോക്താക്കൾക്കായി ഒരു പ്രത്യേക സ്റ്റാംപ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് ബുധനാഴ്ച പുറത്തിരിക്കിയിരുന്നു. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവയര്‍ എന്നിവിടങ്ങളിലെ 11 വിമാനത്താവളങ്ങളിലെ പ്രത്യേക പ്രോസസ്സിംഗ് ഹാളുകളില്‍ സ്റ്റാംപ് ലഭ്യമാകും.