ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.