X

ഹജ്ജ് ക്യാംപിന് നാളെ കരിപ്പൂരില്‍ തുടക്കം; നാലിനു പുലര്‍ച്ചെ 4.25ന് ആദ്യ വിമാനം; കേരളത്തില്‍നിന്ന് 11,121 തീര്‍ഥാടകര്‍

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി കരിപ്പൂര്‍ ഹജ്ജ് ഹൗസ് സജ്ജം. 3ന് രാവിലെ 10 മുതല്‍ ഹജ്ജ് ക്യാംപ് ഉണരും. നാലിനു പുലര്‍ച്ചെ 4.25നാണു കരിപ്പൂരില്‍നിന്നുള്ള ആദ്യ വിമാനം.

ഇത്തവണ വനിതാ തീര്‍ഥാടകര്‍ക്കായി പ്രത്യേക കെട്ടിടം സഹിതം കൂടുതല്‍ സൗകര്യങ്ങളോടെയാണു ഹജ്ജ് ക്യാംപ്. കേരളത്തില്‍നിന്ന് 11,121 തീര്‍ഥാടകര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചിട്ടുള്ളത്. ആറായിരത്തിലേറെപ്പേര്‍ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര. 3ന് വൈകിട്ട് മൂന്നിനു വനിതാ ബ്ലോക്ക് ഉദ്ഘാടനവും നാലിനു ഹജ് യാത്രാ ഫ്‌ലാഗ് ഓഫും മന്ത്രി വി.അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. വനിതാ ബ്ലോക്ക് തുറക്കുന്നതോടെ കൂടുതല്‍ സൗകര്യമാകും.

നിലവിലുള്ള ഹജ്ജ് ഹൗസിലായിരുന്നു നേരത്തേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താമസം, പ്രാര്‍ഥന, ഭക്ഷണം എന്നിവയ്ക്കു സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തവണ വനിതകള്‍ക്കു മാത്രമായി പ്രത്യേക കെട്ടിടമായതിനാല്‍ എല്ലാവര്‍ക്കും കൂടുതല്‍ സൗകര്യമാകും. ഭക്ഷണശാല പ്രവര്‍ത്തനം തുടങ്ങി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവും 24 മണിക്കൂറും ഹജ്ജ് ക്യാംപിലുണ്ടാകും.

 

webdesk14: