X

ഹജജ്: നറുക്കെടുപ്പ് വഴി 367 പേരെ തെരഞ്ഞെടുത്തു

കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നറുക്കെടുപ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നു.അവസരം ലഭിച്ച 11197 പേരില്‍ നാലാം വര്‍ഷ അപേക്ഷകരില്‍ 367 പേരെയാണ് നറുക്കെടുപ്പ് വഴി കണ്ടെത്തിയത്.
പുറമെ വെയ്റ്റിംഗ് ലിസ്റ്റിലേക്കും 1000 പേരെ നറുക്കെടുത്തു.അവസരം കിട്ടിയവരില്‍ ആരെങ്കിലും യാത്ര റദ്ദാക്കുന്ന മുറക്കും, ഇനിയും ക്വാട്ട ലഭിക്കുന്ന പക്ഷം മുന്‍ഗണനാ പ്രകാരം വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കും.500 ഓളം പേര്‍ക്ക് കൂടി അവസരം ലഭിച്ചേക്കും.രാജ്യത്ത് 4,48,268 പേരാണ് ഇത്തവണ അപേക്ഷിച്ചത്. ഇതില്‍ 95235 പേരുള്ള കേരളമാണ് അപേക്ഷകരില്‍ ഒന്നാം സ്ഥാനത്തുള്ളത്.57246 പേരുള്ള മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും,57225 അപേക്ഷകരുള്ള ഗുജറാത്ത് മൂന്നാം സ്ഥാനത്തുമാണ്. കേരളത്തിലെ അപേക്ഷകരില്‍ റിസര്‍വ്വ് കാറ്റഗറിയില്‍ 70 വയസ്സു കഴിഞ്ഞ 1740 പേരെയും, അഞ്ചാം വര്‍ഷക്കാരായ 9090 പേരെയും ഇത്തവണ നറുക്കെടുപ്പില്ലാതെ നേരിട്ട് തെരഞ്ഞെടുത്തു.അവസരം ലഭിച്ചവര്‍ വിമാനക്കൂലി ഇനത്തിലെ ആദ്യ ഗഡുവായ 81000 രൂപ എസ്.ബി.ഐ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ അപേക്ഷകരുടെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മറ്റി അക്കൗണ്ടില്‍ നിക്ഷേപിക്കണം.
ഇതിന്റെ പേ- ഇന്‍സ്ലിപ്പിന്റെ ഒറിജിനലും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഏപ്രില്‍ 5 നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. ഓഗസ്റ്റ് 8 മുതല്‍ കേരളത്തില്‍ നിന്നുള്ള ഹജജ് യാത്ര നെടുമ്പാശ്ശേരിയില്‍ നിന്ന് ആരംഭിക്കും.

chandrika: