പുണ്യകര്‍മ്മത്തിന് സമാധാനപരമായ സമാപ്തി. വിശുദ്ധ ഹജ്ജിന്റെ കര്‍മങ്ങള്‍ സുഖകരമായി നിര്‍വഹിച്ച് ഹാജിമാര്‍ പൂര്‍ണമായും ഇന്ന് മിന താഴ്വരയോട് വിടപറയും. നവജാത ശിശുക്കളുടെ നൈര്‍മല്യവുമായി ജീവിതത്തിലെ നിര്‍ബന്ധിതമായ കര്‍മം പൂര്‍ത്തിയാക്കിയ ആത്മ സംതൃപ്തിയുമായാണ് പുണ്യങ്ങളുടെ താഴ്വരയില്‍ നിന്ന് എല്ലാ ഹാജിമാരും വിടവാങ്ങുക. ഇന്നലെ തന്നെ ജംറകളിലെ കല്ലേറ് പൂര്‍ത്തിയാക്കിയ ആഭ്യന്തര ഹാജിമാരും ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ഹാജിമാരും ചില വിദേശ ഹജ്ജ് സംഘങ്ങളും മഗ്രിബിന് മുമ്പേ തന്നെ മിന വിട്ടിരുന്നു. ഇവര്‍ വിശുദ്ധ ഹറമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ച ശേഷം തങ്ങളുടെ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. ഹജ്ജിന് വിജയകരമായ സമാപ്തിയായതായി സഊദി ഭരണകൂടം വിലയിരുത്തി.
ഇന്ത്യന്‍ ഹാജിമാരുള്‍പ്പടെയുള്ളവര്‍ ഇന്ന് ജംറകളിലെ കല്ലേറ് പൂര്‍ത്തിയാക്കിയാണ് മിനായില്‍ നിന്ന് മക്കയിലെ അവരുടെ താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങുക. ഹജ്ജിന്റെ ത്വവാഫും സഅഭയും മിക്ക ഹാജിമാരും നേരത്തെ നിര്‍വഹിച്ചിരുന്നു. ഇനിയും ചെയ്യാന്‍ ബാക്കിയുള്ളവര്‍ മിനായില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് നിര്‍വഹിക്കുക. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ശക്തമായ ചൂടില്‍ തീര്‍ത്ഥാടകര്‍ ഏറെ പ്രതിസന്ധി നേരിട്ടെങ്കിലും സഊദി ഭരണകൂടം ഒരുക്കിയ സംവിധാനങ്ങള്‍ ഏറെ ഗുണം ചെയ്തു. നടപ്പാതകളിലെ ശീതീകരണവും, ഹരിതവല്‍ക്കരണവും ശീതജലം സ്പ്രേ ചെയ്യുന്ന സംവിധാനവുമെല്ലാം അത്യുഷ്ണത്തെ തടുക്കാനായി ചെയ്തെങ്കിലും ആറായിരത്തിലധികം പേര്‍ക്ക് സൂര്യാഘാതം ഏറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉഷണത്തില്‍ ആടിയുലഞ്ഞ ഹാജിമാര്‍ക്ക് സഊദി കെഎംസിസി ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകളുടെ സേവനങ്ങള്‍ ഏറെ ഉപകാരമായി.
ഹാജിമാര്‍ക്ക് തൃപ്തികരമായ വിധത്തില്‍ ഹജ്ജ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ കാവലും കരുത്തുമായ അല്ലാഹുവിന് സര്‍വ്വസ്തുതിയും അര്‍പ്പിക്കുന്നതായി സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവ് സന്ദേശത്തില്‍ പറഞ്ഞു. പൂര്വകാലങ്ങളെ അനുസ്മരിപ്പിക്കുമാറ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനെട്ടര ലക്ഷത്തോളം പേര്‍ക്ക് അല്ലാഹുവിന്റെ ഭവനത്തിലെത്തി പുണ്യകര്‍മ്മം നിര്‍വഹിക്കാനുള്ള അവസരം വീണ്ടെടുക്കാന്‍ കഴിഞ്ഞത് ദൈവനിശ്ചയ പ്രകാരമാണ്.