കരളുരുകിയുള്ള തേട്ടങ്ങളുടെ ഏഴ് നാളുകള്‍ക്ക് വിട. നവജാത ശിശുവിന്റെ നൈര്‍മല്യവുമായി അവസാനത്തെ ഹാജിയും മിന താഴ്‌വരയോട് വിട പറഞ്ഞു. അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനമായ ഇന്നലെ ജംറതുല്‍ അഖ്ബ, ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത എന്നീ മൂന്ന് ജംറകളില്‍ കല്ലെറിഞ്ഞ ഹാജിമാര്‍ ഭൂരിഭാഗവും ഉച്ചയോടെ തന്നെ മിനായില്‍ നിന്ന് വിടവാങ്ങി വിശുദ്ധ ഹറമിലെത്തി വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ചു. ബാക്കിയുള്ളവര്‍ മഗ്‌രിബിന് മുമ്പായി മിനായില്‍ നിന്ന് യാത്രയായി.
വിദേശ ഹാജിമാര്‍ വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിക്കാന്‍ എത്തിയതോടെ മതാഫ് എല്ലാ നിലകളിലും നിറഞ്ഞു കവിഞ്ഞു. കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി ഹാജിമാര്‍ക്ക് ആയാസരഹിതമായി ത്വവാഫ് നിര്‍വഹിക്കാന്‍ ഇരു ഹറം കാര്യാലയ മേധാവിയും വിശുദ്ധ ഹറം മുഖ്യ ഇമാമുമായ ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിപുലമായ ഒരുക്കങ്ങളായിരുന്നു നടത്തിയത്. ഹാജിമാരെ സുഗന്ധം വിതറിയാണ് പുണ്യ ഗേഹത്തിന് സമീപത്തേക്ക് സ്വീകരിച്ചത് .മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയവര്‍ ജിദ്ദ വഴി നാട്ടിലേക്കും ബാക്കിയുള്ളവര്‍ റൗള സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മദീനയില്‍ നിന്ന് സ്വദേശങ്ങളിലേക്കും മടങ്ങും.
കേരളത്തില്‍ നിന്ന് സ്വകാര്യ ഗ്രൂപിലെത്തിയ ഹാജിമാരുടെ ആദ്യ സംഘം നാളെ മുതല്‍ മടങ്ങിത്തുടങ്ങും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വന്ന ഹാജിമാര്‍ ജിദ്ദയില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ മടക്കയാത്ര ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. മദീനയിലിറങ്ങിയ മുഴുവന്‍ മലയാളി ഹാജിമാരും ജിദ്ദ വഴിയാണ് മടങ്ങുക. മലയാളി ഹാജിമാരെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ജൂലൈ 15ന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കും.
കൊച്ചിയില്‍ നിന്ന് ആദ്യ വിമാനത്തില്‍ മദീനയിലിറങ്ങിയ ഹാജിമാരായിരിക്കും വെള്ളിയാഴ്ച്ച സഊദി എയര്‍ ലൈന്‍സില്‍ പുറപ്പെടുക. ജൂലൈ അവസാനത്തോടെ ഹാജിമാരുടെ മടക്ക യാത്ര പൂര്‍ണമാകും.മടക്ക യാത്രക്ക് ഒരുങ്ങുന്ന ഹാജിമാര്‍ക്ക് തണലായി കെഎംസിസി സഊദി നാഷനല്‍ കമ്മിറ്റിയുടെ ഹജ്ജ് സെല്‍ വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്.