വാഷിങ്ടണ്‍: മുബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയ്ദിന്റെ ജമാഅത്തുദഅ്‌വ അടുത്തിടെ രൂപീകരിച്ച രാഷ്ട്രീയ സംഘടന മില്ലി മുസ്‌ലിം ലീഗിനെ (എംഎംഎല്‍) ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചു. മില്ലി മുസ്‌ലിം ലീഗിന്റെ കേന്ദ്ര നേതൃത്വത്തിലുള്ള ഏഴു പേരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എംഎംഎല്ലിനെ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. റജിസ്‌ട്രേഷനായി പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് ഭരണകൂടത്തിന്റെ ഇടപെടല്‍. എംഎംഎല്ലിന്റെ റജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. യുഎസ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തോടെ എംഎംഎല്‍ കൂടുതല്‍ പരുങ്ങലിലായി. എംഎംഎല്‍ രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നും ലഷ്‌കര്‍ ഇ ത്വയ്ബയുടെ ആശയങ്ങളും നയങ്ങളും പ്രചരിപ്പിക്കാനുള്ള സഖ്യകക്ഷി മാത്രമാണെന്നുമാണ് യുഎസിന്റെ പ്രഖ്യാപനം.
എംഎംഎല്‍ നേതാക്കളായ സൈഫുല്ല ഖാലിദ് (പ്രസി), മുസമ്മില്‍ ഇഖ്ബാല്‍ ഹാഷിമി (വൈസ് പ്രസി.), മുഹമ്മദ് ഹാരിസ് ദര്‍ (ജോ. സെക്ര.), താബിഷ് ഖയ്യും (ഇന്‍ഫര്‍മേഷന്‍ സെക്ര.), ഫയ്യാസ് അഹമ്മദ് (ജന.സെക്ര), ഫൈസല്‍ നദിം, മുഹമ്മദ് ഇഹ്‌സാന്‍ എന്നിവരെയാണ് യുഎസ് ഭീകരന്മാരായി പ്രഖ്യാപിച്ചത്.