X

ഹാദിയ-തൃപ്പൂണിത്തുറ വിഷയങ്ങളില്‍ വനിതാകമ്മീഷന്‍ ഒളിച്ചോടരുത്: വനിതാലീഗ്

 

കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ സമീപകാലത്ത് കുത്തനെ ഉയരുമ്പോഴും വനിതാ കമ്മീഷന്‍ വെറും നോക്കുകുത്തിയാവുന്നത് അപമാനകരമാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി മറിയുമ്മയും ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഹാദിയയെന്ന 24 കാരി ഡോക്ടറെ കോടതി വിധി ദുരുപയോഗം ചെയ്ത് വീട്ടുതടങ്കലില്‍ പീഡിപ്പിക്കുമ്പോള്‍ ഒളിച്ചോടുന്നതാണ് വനിതാ കമ്മീഷന്റെ സമീപനം.
സ്റ്റാറ്റിയൂട്ടറി ബോഡിയായ വനിതാ കമ്മീഷന് കേരളത്തിലെ വനിതകളുടെ ഏതു പ്രശ്‌നത്തിലും ഇടപെടനുള്ള അധികാരവും അവകാശവുമുണ്ട്. എന്നിട്ടും, ഹാദിയയെ കാണാന്‍ സുപ്രീം കോടതിയുടെ അനുമതിക്കായി കാത്തിരിക്കുന്നത് അപഹാസ്യമാണ്. ഇഷ്ടമുള്ള മതം സ്വീകരിച്ച് ജീവിക്കുന്നവരെ ഗൂഢമാര്‍ഗത്തിലൂടെയും അക്രമത്തിലൂടെയും ഒരു പ്രത്യേക മതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തെ കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ വനിതാ കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല.
തൃപ്പൂണിത്തുറ കേന്ദ്രത്തില്‍ നിന്ന് പീഢനത്തിനിരയായ പെണ്‍കുട്ടി തനിക്കുനേരിട്ട പീഢനവും പ്രസ്തുത കേന്ദ്രത്തില്‍ ഹാദിയ അടക്കമുള്ള 65 സ്ത്രീകള്‍ ഇത്തരം അക്രമത്തിന് ഇരയാവുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും പൊലീസില്‍ പറഞ്ഞിട്ടിണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുകയാണ്. ഇതവസാനിപ്പിച്ച് സ്ത്രീകള്‍ക്കു നീതി ലഭിക്കുവാന്‍ വനിതാ കമ്മീഷന്‍ അധികാരം ഉപയോഗിക്കണമെന്നും വനിതാ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

chandrika: