X
    Categories: CultureMore

ദേശീയ തലത്തിലും ഹാദിയ താരം; പിന്തുണയറിയിച്ച് പ്രമുഖര്‍

ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ ‘ഹാദിയ’ #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ഹാദിയയെ പിതാവിന്റെ സംരക്ഷണ തടങ്കലില്‍ നിന്ന് മോചിപ്പിച്ചതിന്റെ ആശ്വാസമാണ് മിക്ക ട്വീറ്റുകളിലും തെളിഞ്ഞു നിന്നത്. മാധ്യമ പ്രവര്‍ത്തകരായ റാണാ അയ്യൂബ്, ഉത്കര്‍ഷ് ആനന്ദ്, ശ്രുതിസാഗര്‍ യമുനന്‍, സ്വാതി ചതുര്‍വേദി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രുചി ഗുപ്ത, സി.പി.ഐ (എം.എല്‍) പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് ഷഹ്‌സാദ് പൂനാവാല തുടങ്ങി ആയിരക്കണക്കിനാളുകളാണ് ‘ഹാദിയ’ ഹാഷ് ടാഗില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

സ്വന്തം കുടുംബത്തിന്റെയും ഭരണകൂടത്തിന്റെയും എന്‍.ഐ.യുടെയും വലതുപക്ഷത്തിന്റെയും തീവ്രദേശീയ വാര്‍ത്താ ചാനലുകളുടെയും സമ്മര്‍ദം അതിജീവിച്ച് സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന ഹാദിയ ധീര വനിതയാണെന്ന് ‘ഗുജറാത്ത് ഫയല്‍സി’ന്റെ രചയിതാവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയുമായ റാണ അയ്യൂബ് കുറിച്ചു.

ഹാദിയയില്‍ തെറ്റായ വിശ്വാസം കുത്തിവെച്ചതാണെന്ന സംഘപരിവാര്‍ വാദത്തെ എന്‍.എസ്.യുവിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രുചി ഗുപ്ത പരിഹസിച്ചു. മാനസിക സ്വാധീനം മുതിര്‍ന്ന പൗരന്റെ മൗലികാവകാശം കവരാനുള്ളതാണെന്ന യുക്തി ‘ഭക്തര്‍’ക്കും ബാധകമാണോ എന്ന് രുചി ഗുപ്ത ചോദിച്ചു.

മുസ്‌ലിംകള്‍ക്കെതിരായ വെറുപ്പ് കുത്തിവെക്കപ്പെട്ട സംഘ് പരിവാര്‍ അണികളെ ‘മോചിപ്പിക്കാന്‍’ കോടതി ഇടപെടണമെന്ന് എന്‍.ഡി.ടി.വി കോളമിസ്റ്റ് സ്വാതി ചതുര്‍വേദി പരിഹസിച്ചു.

ഹാദിയയെ കോളേജ് ഡീനിന്റെ സംരക്ഷണയില്‍ വിടാനുള്ള കോടതി തീരുമാനം കവിതാ കൃഷ്ണന്‍ ചോദ്യം ചെയ്തു. ഭര്‍ത്താവ് ഭാര്യയുടെ ചുമതലക്കാരന്‍ അല്ലെന്നു വ്യക്തമാക്കിയ കോടതി, ഡീന്‍ വിദ്യാര്‍ത്ഥിയുടെ ചുമതലക്കാരനാണെന്ന് കരുതുന്നത് എന്തുകൊണ്ടെന്നായിരുന്നു കവിതയുടെ ചോദ്യം.

മുതിര്‍ന്ന ഒരാള്‍ക്ക് രക്ഷിതാവിനെ നിയോഗിക്കാന്‍ കോടതിക്ക് അവകാശമുണ്ടോ എന്നാണ് സംരംഭകനും കോളമിസ്റ്റുമായ തഹ്‌സീന്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, അശോകന്റെ പിടിയില്‍ നിന്ന് ഹാദിയയെ കോടതി മോചിപ്പിച്ച വാര്‍ത്ത സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ സന്തോഷത്തോടെയല്ല സ്വീകരിച്ചത്. ഈ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ അധിക്ഷേപിക്കാനാണ് സംഘ് പരിവാര്‍ അനുകൂലികള്‍ മുതിര്‍ന്നത്. ന്യൂനപക്ഷ വിരുദ്ധ വാര്‍ത്തകള്‍ക്ക് പേരുകേട്ട മാധ്യമ പ്രവര്‍ത്തക ജാഗ്രതി ശുക്ല, ഹാദിയ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ രീതിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.

കേരളത്തില്‍ 89 ലവ് ജിഹാദ് കേസുകളുണ്ടെന്നും അതില്‍ ഹാദിയ കേസ് മാത്രമാണ് എന്‍.ഐ.എ അന്വേഷിച്ചത് എന്നുമായിരുന്നു മറ്റൊരു സംഘ് പരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തകന്‍ അന്‍ഷുല്‍ സക്‌സേനയുടെ ട്വീറ്റ്‌

ഹാദിയയുമായി ബന്ധപ്പെട്ട മറ്റ് ശ്രദ്ധേയ ട്വീറ്റുകള്‍:

ചന്ദ്രിക വെബ് ഡെസ്‌ക്‌: