X

ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ഹാജരാക്കണമെന്ന്
സുപ്രീംകോടതി. നവംബര്‍ 27ന് മൂന്നുമണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്റെ വാദം കോടതി തള്ളുകയായിരുന്നു. ഹാദിയയുടെ നിലപാട് അറിയണം. അശോകന്റേയും എന്‍.ഐ.എയുടേയും വാദങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അന്തിമവിധിയുണ്ടാകൂവെന്നും സുപ്രീംകോടതി പറഞ്ഞു.

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് മറികടന്ന് ജസ്റ്റീസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടമില്ലാതെ ഹാദിയ കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തെ, ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും ഷഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞത്. അതേസമയം, വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

chandrika: