ന്യൂഡല്‍ഹി: ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. സേലത്ത് ഹാദിയ കോളേജില്‍ പ്രവേശനം നേടിയതിനു ശേഷമായിരിക്കും കാണുകയെന്നും ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ഷെഫിന്‍ പറഞ്ഞു. സേലത്ത് വെച്ച് ഷെഫിനെ കാണാമല്ലോയെന്ന് ഹാദിയ പറഞ്ഞു. പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു. ഡല്‍ഹിയില്‍നിന്നും സേലത്തെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇഷ്ടപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പവും ഇഷ്ടമുള്ള സ്ഥലത്ത് യാത്ര ചെയ്യുന്നതിനും കോടതിയുടെ വിലക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അതിനാല്‍ ഷെഫിനെ സേലത്ത് വെച്ച് കാണുമെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു. ഹാദിയയയും താനും ഒന്നാകുമെന്ന പ്രതീക്ഷയാണുള്ളത്. തനിക്ക് ഐ.എസ് ബന്ധമുണ്ടെന്ന എന്‍.ഐ.എ വാദം അടിസ്ഥാന രഹിതമാണെന്നും ഷെഫിന്‍ പറഞ്ഞു. അതേസമയം, ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് കോളേജിലെത്തി ഹാദിയയെ കാണാനുള്ള അനുമതിയില്ലെന്ന് സേലം കോളേജ് എം.ഡി കല്‍പ്പന. വിവാഹിതരല്ലാത്തവരെയാണ് കോളേജ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് ഹാദിയയെ ഹോസ്റ്റലില്‍ നിര്‍ത്തുന്നതെന്നും എം.ഡി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹാദിയ സേലത്തേയ്ക്ക് പുറപ്പെട്ടു. കേരളഹൗസില്‍ നിന്ന് ഉച്ചയോടെയാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 1.20ന് വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തിച്ച് സേലത്തേയ്ക്ക് കൊണ്ടുപോകും. സുപ്രീംകോടതിയുടെ ഉത്തരവിന്റെ സാഹചര്യത്തില്‍ ഹാദിയയെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഹാദിയ സുരക്ഷാ സംഘത്തിനൊപ്പം കോയമ്പത്തൂരിലേയ്ക്ക് പോയി. ഹോസ്റ്റലിലും ഹാദിയയുടെ സുരക്ഷ ശക്തമാക്കും. ഹാദിയയുടെ മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. തീവണ്ടിമാര്‍ഗ്ഗമാണ് അവര്‍ കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്.