നീണ്ട നിയമപോരാട്ടം. സമ്മര്‍ദ്ദത്തിന്റെ നാളുകള്‍. വീട്ടുതടങ്കലിലെ പീഡനങ്ങള്‍. സ്വന്തമെന്ന് കരുതിയതെല്ലാം അരികത്തുനിന്നു മാറ്റി നിര്‍ത്തിയിട്ടും ഹാദിയ പോരാട്ടം തുടര്‍ന്നു. ഷെഫിന്‍ ജഹാനൊപ്പമുള്ള വിവാഹം ഹൈക്കോടതി റദ്ദു ചെയ്ത് ഹാദിയ പിതാവ് അശോകന്റെ മേല്‍നോട്ടത്തില്‍ വൈക്കത്തെ വീട്ടില്‍ തുടരുകയായിരുന്നു. നാളുകള്‍ക്കുശേഷം പുറംലോകം കേട്ടത് ഹാദിയ വീട്ടുതടങ്കലിലാണെന്നാണ്. പലപ്പോഴുമായി ആശങ്ക നിറഞ്ഞ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും സംസ്ഥാന സര്‍ക്കാരിനോ സംസ്ഥാന വനിതാകമ്മീഷനോ പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഒടുവില്‍ ഹൈക്കോടതിവിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയിലെത്തിയതു പ്രകാരം കോടതിയിലെത്തിക്കുമ്പോഴാണ് ഹാദിയയെ വീണ്ടും പുറംലോകം കേള്‍ക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഒരിക്കല്‍കൂടി ഹാദിയ തന്റെ നിലപാട് വ്യക്തമാക്കി. ‘എനിക്ക് നീതി വേണം. ഭര്‍ത്താവായ ഷെഫിന്‍ ജഹാനൊപ്പം പോകണം’.
2016 ഡിസംബര്‍ 21 നാണ് വിവാഹിതരായ ഹാദിയയും ഷഫിനും ഹൈക്കോടതിയില്‍ ഹാജരാവുന്നത്. തുടര്‍ന്ന് ഇരുവരുടെയും വിവാഹത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഹാദിയയുടെയും ഷഫിന്റെയും വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് വ്യക്തമാക്കി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫെബ്രുവരി ഏഴിന് ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും കേസ് വീണ്ടും പരിഗണിക്കാന്‍ 22ലേക്ക് മാറ്റുകയും ചെയ്തു. ഫെബ്രുവരി 22ന് വീണ്ടും കേസ് പരിഗണിച്ച കോടതി അന്നുവരെയുള്ള മുഴുവന്‍ അന്വേഷണ റിപോര്‍ട്ടും രേഖപ്പെടുത്തിയ മൊഴികളും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിലേക്ക് പരിഗണിക്കാന്‍ കേസ് മാറ്റി. മാര്‍ച്ച് രണ്ടിന് വിശദമായ വാദം കേട്ട കോടതി വേനലവധിക്കു മുമ്പ് കേസ് തീര്‍ക്കുമെന്ന് പറഞ്ഞുവെങ്കിലും കേസ് നീട്ടിവച്ചു. 2017 മെയ് 24 കേസ് വീണ്ടും പരിഗണിച്ച കോടതി വിവാഹം അസാധുവാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിടുകയും ചെയ്തു.
തുടര്‍ന്ന് ഈ വിധിക്കെതിരെ ഷെഫിന്‍ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹാദിയയുടെ മതംമാറ്റം ഉള്‍പ്പടെ അശോകന്റെ ആരോപണങ്ങള്‍ക്കടിസ്ഥാനത്തില്‍ ഈ വിഷയങ്ങള്‍ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ അന്വേഷിക്കാന്‍ ഓഗസ്റ്റ് 17ന് സുപ്രീംകോടതി ഉത്തരവിട്ടു. പിന്നീട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ ഓഗസ്റ്റ് 18ന് പിന്മാറി. കേസില്‍ എന്‍.ഐ.എ അന്വേഷണവും വിവാഹവും രണ്ടായി തന്നെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനായി ഒക്ടോബര്‍ 27ന് വൈകീട്ട് 3 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരായ ഹാദിയ തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നും വ്യക്തമാക്കി. സേലത്തെ ഹോമിയോ കോളേജില്‍ ഹൗസ്‌സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട ഹാദിയയുടെ നിലപാട് അംഗീകരിച്ച കോടതി ഹാദിയയെ സേലത്തെ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സുപ്രീംകോടതിയില്‍ പിതാവ് അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയയുടെ മതംമാറ്റത്തെ സംബന്ധിച്ചും ഷെഫിന്‍ജാഹനെക്കുറിച്ചും ആരോപണങ്ങളുണ്ടായിരുന്നു. ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വീട്ടില്‍ പീഡനങ്ങള്‍ നേരിട്ടിരുന്നുവെന്നും ഹാദിയയും പറഞ്ഞിരുന്നു. രാഹുല്‍ ഈശ്വര്‍ തന്നെ മൂന്ന് തവണ സന്ദര്‍ശിച്ചിരുന്നുവെന്നും ഹിന്ദുമതത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞ ഹാദിയ പിന്നീട് പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.
ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ചന്ദ്രചൂഡ് എന്നിവരാണ് വാദം കേട്ടത്. ഹാദിയ ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് കോടതി പറഞ്ഞു.
വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ഹാദിയക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാം. ഷെഫിന് തീവ്രവാദബന്ധമുണ്ടെങ്കില്‍ അന്വേഷിക്കാം. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാം. വിവാഹം ഇന്ത്യന്‍ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.