X

സുപ്രീംകോടതി വിധിയില്‍ സന്തോഷം; ഹാദിയ മാധ്യമങ്ങളോട്

 

വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സന്തോഷവതിയാണെന്ന് ഹാദിയ. നാട്ടിലെത്തിയ ശേഷം വിശദമായി മാധ്യമങ്ങളോട് സംസാരിക്കും. ഉടന്‍ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.

ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിയിലായിരുന്നു കോടതി വിധി.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒരു ശക്തയായ സ്ത്രീയുടെ സ്വാതന്ത്രത്തെ സുപ്രിം കോടതി കൂടുതല്‍ ബലപ്പെടുത്തിയെന്ന് അഡ്വ. ഹാരിസ് ബീരാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

അതേസമയം ഹാദിയയുടെ വിവാഹം ഒഴിച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരായ കേസുകളില്‍ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു.

വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നതാണ് കോടതി പരിശോധിച്ചത്. വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍ഐഎക്ക് അന്വേഷണം തുടരാം. തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫിന്‍ ജഹാനും ഹാദിയക്കും എതിരെ കേസെടുക്കാം. കുറ്റക്കാരെങ്കില്‍ ഷെഫിന്‍ ജഹാന്‍ അടക്കം ഉള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

താനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിശോധിച്ചത്. കഴിഞ്ഞ നവംബര്‍ 27ന് ഹാദിയയെ സുപ്രീംകോടതി നേരിട്ടു വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്‍ന്ന് ഹാദിയയെ സേലത്തെ കോളേജില്‍ ഹോമിയോപ്പതി പഠനം തുടരാനയക്കുകയും ചെയ്തു.

2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുന്‍പു പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.

സേലത്തെ കോളേജിലേക്ക് പോകും വഴിയാണ് മാധ്യമങ്ങള്‍ ഹാദിയയെ കണ്ടത്. ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാധ്യമങ്ങള്‍ ഹാദിയയെ പൊതിയുകയായിരുന്നു. എന്നാല്‍ പ്രതികരിക്കാനില്ലെന്ന് ഹാദിയ ആദ്യമേ വ്യക്തമാക്കി. നാട്ടിലെത്തിയ ശേഷം കൂടുതല്‍ സംസാരിക്കാമെന്ന് പറഞ്ഞ് കോളോജിലേക്ക് പോവുകയായിരുന്നു.

chandrika: