വൈക്കം: ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ ഹാദിയയെ വസതിയില്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് 12.55-നാണ് അധ്യക്ഷ വൈക്കത്തെ വീട്ടിലെത്തിയത്. താന്‍ 27-ാംതിയ്യതിക്കായി കാത്തിരിക്കുകയാണെന്ന് ഹാദിയ പറഞ്ഞതായി രേഖാ ശര്‍മ്മ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഹാദിയയോട് സംസാരിച്ചത് പൂര്‍ണ്ണമായും പുറത്ത് പറയാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി. മൂന്ന് വനിതാ പോലീസുകാരുടെ സംരക്ഷണത്തില്‍ വീടിനുള്ളില്‍ കഴിയുന്ന ഹാദിയ ആരോഗ്യവതിയാണ്. അവള്‍ സന്തോഷവതിയാണ്. അവളുടെ സുരക്ഷയില്‍ ആശങ്കയില്ല. അച്ഛന്‍ അശോകന്‍ മര്‍ദ്ദിച്ചതായി ആരോപിക്കുന്ന പാടുകളൊന്നും ശരീരത്തില്‍ കണ്ടെത്താനായില്ല. ആഹാരം കൃത്യമായി കഴിക്കുന്നുണ്ട് ഹാദിയയെന്നും അധ്യക്ഷ പറഞ്ഞു. ഇത്തരം കേസുകളെ ലൗജിഹാദെന്ന് താന്‍ പറയില്ല. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണോ എന്ന് അന്വേഷിക്കേണ്ടതുമാണ്. ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ പെണ്‍കുട്ടികളെ താന്‍ കേരളത്തില്‍ വരുംദിവസങ്ങളില്‍ സന്ദര്‍ശിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും. ഹാദിയയുമായി ഒരു മണിക്കൂറിലധികം രേഖാശര്‍മ്മ സംസാരിച്ചിരുന്നു. കൂടാതെ ഹാദിയയുടെ മാതാപിതാക്കളുമായും അവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹാദിയയുടെ ചിരിച്ചുനില്‍ക്കുന്ന ചിത്രം കാണിച്ചുകൊണ്ടാണ് രേഖാ ശര്‍മ്മ വൈക്കത്തുനിന്നും മടങ്ങിയത്.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഈ മാസം 27ന് ഹാദിയയെ കോടതിയില്‍ ഹാജരാക്കാനുള്ള നിര്‍ദ്ദേശമുണ്ട്. 27ന് വൈകുന്നേരം മൂന്നിനാണ് ഹാജരാക്കേണ്ടത്. വിവാഹം വ്യക്തിപരമാണെന്നും ക്രിമിനലുകളെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്റെ വാദം തള്ളിയാണ് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന് കോടതി ഉത്തരവിട്ടത്.