ന്യൂഡല്‍ഹി: ഹാദിയ കേസില്‍ കൂടുതല്‍ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുമായി എന്‍.ഐ.എ സുപ്രീംകോടതിയില്‍. ഹാദിയ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട കാലത്ത് ഹാദിയ സലഫി പ്രചാരകരുടെ സ്വാധീനത്തില്‍ പെട്ടാണ് മതംമാറുന്നതും തുടര്‍ന്നാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും സത്യസരണി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവക്ക് പങ്കുണ്ട്. ഹാദിയക്ക് സൈനബയും ഭര്‍ത്താവ് അലിയാരും മുഖേന ഇവരുടെ സഹായം ലഭിച്ചിട്ടുണ്ട്. സലഫി പ്രചാരകരായ ഷിറന്‍ ഷഹാനയും ഫസല്‍ മുസ്തഫയുമാണ് ഹാദിയയെ മതം മാറ്റിയത്. ഇവര്‍ യമനിലേക്ക് കടന്നെന്നാണ് അറിയുന്നത്. ഇസ്‌ലാമിക പഠനത്തിനായി ഹാദിയയേയും യമനിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായും മൊഴികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മന്‍സീദ് മുഹമ്മദ്, സഫ്‌വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട് എന്നതിന് തെളിവുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ 153 എ, മറ്റു മതങ്ങളെ ആക്ഷേപിക്കല്‍ 295 എ, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു.