ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത ഹാദിയ ഇപ്പോള്‍ മാതാപിതാക്കളുടെ തടവിലാണ് കഴിയുന്നതെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഹൈക്കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് വൃന്ദാ കാരാട്ട് പറഞ്ഞു.
കോടതി ഹാദിയക്ക് പറയാനുള്ളത് കേട്ടിരുന്നില്ല. ഹാദിയ വീട്ടുതടങ്കലിലാണിപ്പോള്‍. സുപ്രീം കോടതി സമീപിക്കാനുള്ള സംസ്ഥാന വനിതാ കമ്മീഷന്റെ നീക്കം അഭിനന്ദനാര്‍ഹമാണെന്നും വൃന്ദാ കാരാട്ട് വ്യക്തമാക്കി.
ഹാദിയയ്ക്ക് മൗലിക അവകാശങ്ങളുണ്ട്. ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പ്രാകൃത ശിക്ഷയാണ് ഹാദിയയ്ക്കും നല്‍കിയിരിക്കുന്നത്.
ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തെരഞ്ഞെടുത്ത ഹാദിയയെക്കുറിച്ചുള്ള അന്വേഷണമല്ല ദേശീയ അന്വേഷണ ഏജന്‍സി നടത്തേണ്ടത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാകണമെന്നും വൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.