ന്യൂഡല്‍ഹി: ഹാദിയയെ പിതാവ് അശോകന്റെ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് മോചിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമാവുകയാണ്. രക്ഷാകര്‍തൃത്വം പിതാവില്‍ നിന്ന് എടുത്തു കളഞ്ഞ്, ഹാദിയ ബി.എച്ച്.എം.എസ് കോഴ്‌സ് പഠിക്കുന്ന സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേഡ് ഡീനിന് നല്‍കി എന്ന വിധത്തിലാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് നല്‍കിയത്. ഇത് മുന്‍നിര്‍ത്തി കോടതിയുടെ ‘രക്ഷാധികാര’ നിലപാടിനെ മനുഷ്യാകവാശ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ചോദ്യം ചെയ്യുകയുണ്ടായി.
24 വയസ്സുള്ള ഒരു പൗരക്ക് ‘രക്ഷാധികാരി’യെ നിശ്ചയിച്ച കോടതി വിധിക്കെതിരെ നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, കോളേജില്‍ മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ഹാദിയക്ക് ലഭിക്കുമെന്നും കോളേജ് ഡീന്‍ അവരുടെ ‘ലോക്കല്‍ ഗാര്‍ഡിയന്‍’ മാത്രമായിരിക്കും എന്നുമാണ് വിധി പകര്‍പ്പില്‍ നിന്നു വ്യക്തമാകുന്നത്. കോളേജ്, ഹോസ്റ്റല്‍ അഡ്മിഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ഹാദിയയെ സഹായിക്കുക മാത്രമായിരിക്കും ലോക്കല്‍ ഗാര്‍ഡിയന്റെ ചുമതല. തുടര്‍ പഠനം, ഹോസ്റ്റല്‍ സൗകര്യം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്നും ലോക്കല്‍ ഗാര്‍ഡിയന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കോളേജ് ഡീനിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഹോസ്റ്റലില്‍, മറ്റേതു വിദ്യാര്‍ത്ഥിയെയും പോലെയായിരിക്കും ഹാദിയ എന്നും ഹോസ്റ്റല്‍ ചട്ടങ്ങള്‍ അവര്‍ക്കും ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റലില്‍ താമസിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ലോക്കല്‍ ഗാര്‍ഡിയന്‍ ഉണ്ടായിരിക്കണമെന്നതാണ് ഹോസ്റ്റല്‍ ചട്ടങ്ങള്‍. ഹോസ്റ്റല്‍ ചട്ടങ്ങളും ഹാദിയയുടെ സ്വന്തം താല്‍പര്യങ്ങളും അനുസരിച്ച് അവര്‍ക്കിഷ്ടമുള്ള ആരെയും കാണാനും സംസാരിക്കാനും ഫോണ്‍ വിളിക്കാനുമുള്ള സൗകര്യമുണ്ടാകുമെന്നാണ് ഇടക്കാല വിധിയില്‍ നിന്നു മനസ്സിലാകുന്നത്.
ഹാദിയയുടെ വിദ്യാഭ്യാസത്തിന്റെ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കേണ്ടത്. അതേസമയം, സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല തമിഴ്‌നാട് സര്‍ക്കാറിനാണ്. ഹാദിയ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസിലെ കക്ഷിയായതിനാല്‍ അവരുടെ കോളേജിനും ഹോസ്റ്റലിനും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇടക്കാല വിധി ഇവിടെ വായിക്കാം