X

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതി മുറിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ എങ്ങനെ വാദം കേള്‍ക്കണം എന്നതു സംബന്ധിച്ച് കോടതി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
‘നിങ്ങള്‍ പറയുന്നതു കൊണ്ടുമാത്രം ഞങ്ങള്‍ എന്തിന് അങ്ങനെ ചെയ്യണം. എന്തായാലും തിങ്കളാഴ്ച ഞങ്ങള്‍ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്’ അശോകനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. തിങ്കളാഴ്ച വിഷയം കൈകാര്യം ചെയ്യുമെന്നും ബഞ്ച് വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് അശോകന്റെ ആവശ്യം കോടതി തള്ളുന്നത്. നേരത്തെ വാദത്തിനിടെയാണ് സമാന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നത്. തുറന്ന കോടതിയില്‍ മൊഴിയെടുക്കുന്നത് ഹാദിയക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് പറഞ്ഞാണ് അശോകന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നത്. ഹാദിയയുമായുള്ള വിവാഹ ബന്ധം അസാധുവാക്കിയ മെയ് 24ലെ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഈ മാസം 27നാണ് കേസില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

chandrika: