തിരുവനന്തപുരം: ഹാദിയ ഇനി വെറും ഹാദിയ അല്ല. പേരിനൊപ്പം ഡോക്ടര്‍ എന്നുകൂടി തുന്നിച്ചേര്‍ത്തിരിക്കുകയാണ് ഈ മിടുക്കി. ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് ഹാദിയ ഡോക്ടര്‍ ആയ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
‘ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. സര്‍വ ശക്തന് സ്തുതി, അവസാനം എല്ലാ പ്രതിസന്ധികളില്‍ നിന്നും നീ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ഡോക്ടര്‍ എന്ന് നിന്നെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.’ ഡോക്ടര്‍ വേഷത്തിലുള്ള ഹാദിയയുടെ ഫോട്ടോക്കൊപ്പം ഷെഫിന്‍ ജഹാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജയിലും പ്രണയവും പ്രാര്‍ത്ഥനയും നിറഞ്ഞ പോരാട്ട ജീവിതത്തിനൊടുവിലാണ് ഹാദിയയുടെ ഈ നേട്ടം.
ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട കേസായിരുന്നു ഹാദിയയുടേത്. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശികളായ അശോകന്റെയും പൊന്നമ്മയുടെയും മകളായ അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഹോമിയോ ഡോക്ടറാവാന്‍ പഠിച്ചു കൊണ്ടിരിക്കെയാണ് ഹാദിയയുടെ മതം മാറ്റവും അനുബന്ധ സംഭവങ്ങളും. ദീര്‍ഘകാലം വീട്ടുതടങ്കലിലായിരുന്ന ഹാദിയയ്ക്ക് നിയമത്തിന്റെ സഹായത്തോടെയായിരുന്നു ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാന്‍ അനുമതി ലഭിച്ചത്.