X

ഹാദിയയുടെ സത്യാവാങ്മൂലത്തില്‍ കേരളാ പൊലീസിനെതിരെ ഗുരുതര ആരോപണം

 

ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നിയെന്നും അവര്‍ പറഞ്ഞു. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ ഏതു തരത്തിലും പീഡനം നടത്താന്‍ പൊലീസ് അനുവദിച്ചതായും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ പറയുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയതിന്റെ രണ്ടാം ദിവസം മുതല്‍ പലരും തന്നെ സന്ദര്‍ശിച്ചതായും. എന്നാല്‍ കൗണ്‍സിലിങ്ങിന് പകരം മാനസികവും, ശാരീരികവുമായ പീഡനമായിരുന്നു പലതുമെന്നും ഹാദിയ പറയുന്നു. ഇസ്‌ലാം മതം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു അവരില്‍ പലരും. ശിവശക്തി യോഗ സെന്ററില്‍ നിന്നാണ് ഇവരില്‍ പലരും എത്തിയതെന്ന് പിന്നീടാണ് മനസിലായതെന്നും ഹാദിയ പറയുന്നു. തന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം ദിവസം കഴിയും തോറും വര്‍ധിച്ചു. തലയില്‍ ചുറ്റിയിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. തന്റെ ഭര്‍ത്താവ് നിരവധി വിവാഹം കഴിച്ചയാളാണെന്നും, പ്രായം കൂടിയയാളാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ആദ്യമൊക്കെ ഇസ്‌ലാം ഒരു നല്ല മതമല്ലെന്ന് എന്നെ വിശ്വസിപ്പിക്കാന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ അവര്‍ വിജയിച്ചില്ല. ഇസ്‌ലാം മതത്തെയും, അടുപ്പം ഉള്ളവരില്‍ നിന്നും അകറ്റാനുള്ള ശ്രമം വിഫലമായതോടെ കൈയും കാലും കെട്ടിയിട്ട ശേഷം എന്റെ അനുമതി ഇല്ലാതെ വിവാഹം നടത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഈ നിലപാടിനോട് പൊലീസുകാരും യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നി. ഒരിക്കല്‍ പോലും എന്റെ മുറിയില്‍ നിന്ന് പുറത്ത് വരാന്‍ അനുവദിച്ചില്ല. എന്നാല്‍ കൗണ്‍സിലര്‍മാരെ എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്കും പൊലീസ് അനുവദിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ അച്ഛനില്‍ നിന്നും സമാനമായ അക്രമം നേരിട്ടു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചതിനും, ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതിനുമായിരുന്നു ഈ അക്രമവും പീഡനവുമെല്ലാം. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കിടപ്പ് മുറിയിലും, എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മുറിക്ക് പുറത്തുമുണ്ടായിരുന്നു. എന്നാല്‍ എന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ പ്രയാസമായിരുന്നു. മറ്റുള്ളവരുടെ സാനിധ്യത്തില്‍ പ്രാര്‍ത്ഥന (നമസ്‌കാരം) നടത്തുന്നത് നിര്‍ത്തി. ഹലാല്‍ അല്ലാത്ത രീതിയില്‍ തരുന്ന മാംസം കഴിക്കാന്‍ തുടങ്ങി. സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും കാരണം ഇസ്‌ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അഭിനയിക്കേണ്ടി വന്നു. അതുകൊണ്ട് രാത്രിയില്‍ മാത്രമായി പ്രാര്‍ത്ഥന. ചിലപ്പോള്‍ മനസിലും ഒതുങ്ങി.

എന്റെ സുരക്ഷയും ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്തുന്നതിനുമായി കൗണ്‍സിലര്‍മാര്‍ വരുമ്പോള്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ അവരുടെ തീരുമാനം അംഗീകരിച്ചിരുന്നില്ല. ഒരു പേനയോ പേപ്പറോ പോലും ലഭിച്ചിരുന്നില്ല. മഹറായി ലഭിച്ചത് ഉള്‍പ്പടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അച്ഛന്‍ ഊരി വാങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ആഭരണങ്ങള്‍ ഊരി വാങ്ങുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അങ്ങനെ ഒരു ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് മനസിലായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, രാഹുല്‍ ഈശ്വറും പല ദിവസങ്ങളിലായി വീട്ടില്‍ എത്തി അച്ഛനെ സന്ദര്‍ശിച്ചു. മറ്റ് പല നേതാക്കളും വീട്ടില്‍ എത്തി. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഇവരില്‍ പലരും ഭീഷണിപ്പെടുത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, വനിതാ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ കാണുന്നതില്‍ നിന്ന് വിലക്കി. അവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ബഹളം വെച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി പെടുത്തുകയും വലിച്ചിഴക്കുകയും ചെയ്തു.

വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിക്കാന്‍ പുസ്തകവും പത്രവും നല്‍കണം എന്ന് പൊലീസിനോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം നിരാകരിച്ചു. വായിക്കുന്നത് മാത്രമല്ല, അക്ഷരങ്ങള്‍ കാണുന്നത് പോലും വിലക്കി. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വായനയാണെന്ന് കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താമസിച്ചിരുന്ന ഹോസ്റ്റല്‍ ഭയാനകമായിരുന്നു. ഹോസ്റ്റലിലെ മറ്റ് അന്തേവാസികളോട് ഭീകരവാദി എന്നാണ് പരിചയപ്പെടുത്തിയത്. ഐ.എസുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. കക്കൂസും കുളിമുറിയും ഉപയോഗിക്കുമ്പോള്‍ കതക് അടയ്ക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഖുര്‍ആനോ, പ്രാര്‍ത്ഥനക്കുള്ള വസ്ത്രമോ തരാന്‍ തയ്യാറായില്ല. ഹോസ്റ്റലില്‍ താമസിച്ച 156 ദിവസവും ഭയാനകമായിരുന്നുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2016ന് മുമ്പ് ആര്‍ക്കെങ്കിലും ഇസ്്‌ലാമിക വീഡിയോ അയച്ചിരുന്നോ എന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി. പിടികിട്ടാപുള്ളികളോട് സ്വീകരിക്കുന്ന സമീപനമായിരുന്നു വൈക്കം ഡി.വൈ.എസ്.പിയുടേത്. സുപ്രിം കോടതിയില്‍ ഹാജരാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചകള്‍ക്ക് ശേഷം താന്‍ പറയാത്ത കാര്യങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞതായും സത്യവാങ്മൂലത്തില്‍ ഹാദിയ പറയുന്നു. വീട്ടു തടങ്കലിലായിരുന്ന സമയത്ത് തനിക്കു നല്‍കിയ ഭക്ഷണത്തില്‍ മയക്കു മരുന്നു കലര്‍ത്തിയതായുള്ള ആരോപണവും ഹാദിയ ഉന്നയിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ മാതാപിതാക്കള്‍ മയക്കുമരുന്ന് കലര്‍ത്തുന്നതായി മനസിലായതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നു എന്നതിന് തെളിവുണ്ടെന്നു പൊലീസുകാരെ അറിയിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം പോലും കുടിച്ചില്ലെന്നും ഹാദിയ പറയുന്നു. രാഹുല്‍ ഈശ്വര്‍ കാണാന്‍ മൂന്ന് തവണ വന്നിരുന്നു. ഇസ്്‌ലാം മതം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ ഇസ്്‌ലാം മതത്തില്‍ തുടരാന്‍ ഉള്ളതന്റെ നിശ്ചയദാര്‍ഢ്യം രാഹുല്‍ ഈശ്വറിന് ബോധ്യമായി.

ഏതു സമയവും താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നു. താന്‍ മരിച്ചാല്‍ മാതാപിതാക്കള്‍ തന്റെ ശിരോ വസ്ത്രം നീക്കി, ഹിന്ദു മതത്തിലേക്ക് തിരികെ മതം മാറിയതായി അവകാശപ്പെടുമെന്ന് രാഹുല്‍ ഈശ്വറിനെ അറിയിച്ചിരുന്നു. മരിച്ചാല്‍ ഇസ്്‌ലാമിക ആചാര പ്രകാരമാണ് തന്റെ സംസ്‌കാരം നടത്തേണ്ടതെന്നും ഇക്കാര്യം പുറം ലോകത്തെ അറിയിക്കണമെന്നും രാഹുല്‍ ഈശ്വറിനോട് അഭ്യര്‍ഥിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ അനുമതി ഇല്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബെയിലില്‍ പകര്‍ത്തുമ്പോള്‍ അച്ഛനും പൊലീസും വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നെന്നും ഹാദിയ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

chandrika: