X

സുരക്ഷാപ്രശ്‌നം: ഹാദിയയുടെ യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു. ട്രെയിന്‍ യാത്രക്കിടയില്‍ ഹാദിയക്ക് സുരക്ഷാ പ്രശ്‌നങ്ങളോ സ്വാധീനിക്കാന്‍ ശ്രമങ്ങളോ ഉണ്ടാകുമെന്ന് ഷെഫിന്‍ ജഹാന്‍ പറയുന്നു.

എന്നാല്‍, ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത് പിതാവിനോടാണെന്നും യാത്ര എങ്ങനെ ആകണമെന്ന് തീരുമാനിക്കേണ്ടത് അശോകനാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. എവിടെയായിരുന്നാലും ഹാദിയയുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. ഹാദിയയെ ഈ മാസം 27ന് ഹാജരാക്കാനാണ് സുപ്രീംകോടതി പിതാവ് അശോകനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാദിയയുടെ പിതാവ് അശോകനെതിരെയും കമ്മീഷന്‍ അധ്യക്ഷ വിമര്‍ശനമുന്നയിച്ചു. ഹാദിയയെ ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചപ്പോഴില്ലാത്ത എന്ത് സുരക്ഷാ ഭീഷണിയാണ് സംസ്ഥാന വനിതാ കമ്മീഷന്റെ സന്ദര്‍ശനത്തിലുള്ളതെന്ന് പിതാവ് വ്യക്തമാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. ഹാദിയക്ക് ഇഷ്ടമുള്ളവരെയാണോ പിതാവിന് ഇഷ്ടമുള്ളവരെയാണോ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതെന്ന് വ്യക്തമാക്കണം. നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. ഹാദിയ സുരക്ഷിതയും സന്തുഷ്ടയുമാണെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ പറഞ്ഞത്. സുരക്ഷിതയാണെന്നത് അംഗീകരിക്കുന്നു. എന്നാല്‍ സന്തുഷ്ടയാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ജോസഫൈന്‍ ചോദിച്ചു.

chandrika: