ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണം നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍. റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായി എന്‍ഐഎ അന്വേഷണം നടത്തുന്നത് കോടതിയലക്ഷ്യമാണെന്നും അന്വേഷണവുമായി മുന്നോട്ട് പോകുന്ന എന്‍.ഐ.എ ഡിവൈഎസ്പി വിക്രമനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷെഫിന്‍ ജഹാന്‍ ഹരജി നല്‍കിയത്. ഹാദിയയെ സന്ദര്‍ശിച്ച ശേഷം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നും ഹരജിയില്‍ പറയുന്നു.
കോടതി പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണ്. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും, ഹാദിയ വീട്ടില്‍ സുരക്ഷിതയും സന്തോഷവതിയുമാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നും കേസിനെ സ്വാധീനിക്കലാണെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതോടൊപ്പം ഹാദിയയെ സന്ദര്‍ശിക്കാനുള്ള കേരള വനിതാ കമ്മീഷന്റെ ആവശ്യം നിരാകരിച്ചത് സംശയകരമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ മാസം 27 ന് ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മതംമാറ്റവും, ഷെഫിന്‍ ജഹാനുമായുള്ള വിവാഹവും, ഹാദിയയുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നോ എന്ന് കോടതിക്ക് അറിയണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇതിനായി നവംബര്‍ 27ന് മൂന്നു മണിക്കു മുമ്പായി ഹാദിയയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. അതിനിടെ കഴിഞ്ഞ ദിവസം എന്‍.ഐ.എ ഹാദിയയുടെ കോട്ടയം വൈക്കത്തുള്ള വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇത് രണ്ടാംതവണയാണ് എന്‍ഐഎ ഹാദിയയുടെ മൊഴി രേഖപ്പെടുത്തുന്നത്.