സേലം: മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനായി ഹാദിയയെ കോളേജ് ഹോസ്റ്റലിലെത്തിച്ചു. വിമാനത്താവളത്തിലെത്തിയ ഹാദിയയെ കനത്ത സുരക്ഷയിലാണ് സേലത്ത് എത്തിച്ചത്. തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെുന്നും ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു. എന്നാല്‍ തല്‍ക്കാലം പൊലീസ് കൂടെയുണ്ടാകുമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. സേലത്തെ കോളജിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഹാദിയ.
ഹാദിയയ്ക്ക് ആവശ്യമെങ്കില്‍ മുഴുവന്‍സമയ സുരക്ഷയൊരുക്കുമെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോളജ് അധികൃതരും ഹാദിയയും ആവശ്യപ്പെടുന്നതനുസരിച്ചു തീരുമാനമെടുക്കും. ഷെഫിന്‍ ജഹാനു സന്ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്‍ അശോകന് ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
ഹാദിയ കേസില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയ സുപ്രീംകോടതി, യുവതിയെ രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് മോചിതയാക്കുകയായിരുന്നു. അച്ഛന്റെ സംരക്ഷണത്തില്‍ കഴിയാന്‍ താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ ഹാദിയയെ, ഇടയ്ക്കു വെച്ച് മുടങ്ങിയ ഹോമിയോപ്പതി പഠനം തുടരാനും കോടതി അനുവദിച്ചു. തമിഴ്‌നാട് സേലത്തെ ശിവരാജ് മെഡിക്കല്‍ കോളജില്‍ ബി.എച്ച്.എം.എസ് ഹൗസ് സര്‍ജന്‍സി പഠനം പുനരാരംഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. പഠനക്കാലയളവില്‍ ഹാദിയയുടെ രക്ഷാകര്‍ത്താവായി കോളജ് ഡീനിനെ നിയോഗിച്ചിട്ടുണ്ട്. കേസ് അടുത്ത വര്‍ഷം ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും പരിഗണിക്കും.