X

എവിടെയും തൊടാതെ സര്‍ക്കാര്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി: ഹാദിയ കേസിലെ എന്‍.ഐ.എ അന്വേഷണം സംബന്ധിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കാതെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. എന്‍.ഐ.എ അന്വേഷിക്കേണ്ട തരത്തിലുള്ള കുറ്റങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് മാത്രമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്‍.ഐ.എ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടെന്നോ ഇല്ലെന്നോ പറയാതെയുള്ള റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചത്.

കേസില്‍ കേരള പൊലീസിലെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തിയിരുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ഹാദിയ പഠിച്ച കോളജ്, മതപരിവര്‍ത്തനത്തിന് സഹായിച്ചവര്‍, ഇതിനു സഹായം നല്‍കിയ സ്ഥാപനം, ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന്‍ എന്നിവരില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്‍.ഐ.എ ആക്ട് 2006ലെ വകുപ്പ് ആറ് പ്രകാരം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കേണ്ട തരത്തിലുള്ള കാര്യങ്ങളൊന്നും ഈ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് മാനിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.എക്ക് കൈമാറിയിരുന്നതായും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് ഒപ്പുവെച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സംഘ്പരിവാര്‍ അനുകൂല നിലപാട് മുമ്പും വിമര്‍ശിക്കപ്പെട്ടിരുന്നു.  ഹാദിയയുമായുള്ള വിവാഹ ബന്ധം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഷെഫിന്‍ ജഹാന്‍ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. മതപരിവര്‍ത്തനത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന ഹാദിയയുടെ പിതാവിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

ഇതേതുടര്‍ന്ന് റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ച് എന്‍.ഐ.എ അന്വേഷണത്തിന് നിര്‍ദേശിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. രണ്ടു തവണയും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഉണ്ടായിരുന്നെങ്കിലും മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ എന്‍.ഐ. എ അന്വേഷണത്തെ അനുകൂലിക്കുന്നത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലാണ് എവിടെയും തൊടാതെയുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇതിനിടെ എന്‍.ഐ.എ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

 

chandrika: