X

ഹാദിയയുടെ ഡല്‍ഹി യാത്ര: ഒരുക്കങ്ങള്‍ നടത്തിയത് അതീവ രഹസ്യമായി

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് ഡോ. ഹാദിയയെ ഡല്‍ഹിയിലേക്ക്‌കൊണ്ടുപോവുന്നതിന് മുന്നോടിയായി പൊലീസൊരുക്കിയത് അതീവരഹസ്യമായി കനത്തസുരക്ഷാക്രമീകരണങ്ങള്‍. വൈക്കം ടിവിപുരത്തെ ഹാദിയയുടെ വസതിയില്‍നിന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളംവരെയുള്ള സുരക്ഷയുടെ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഹാദിയയുടെ യാത്രയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി ഡിജിപിയുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച കൊച്ചിയില്‍എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷമാണ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

വൈക്കം, കടുത്തുരുത്തി സ്റ്റേഷനുകളിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാക്രമീകരണങ്ങളില്‍ പങ്കാളികളാവാന്‍ പ്രത്യേകനിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മുതല്‍ ഹാദിയയുടെ വീടിന് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെയും വിന്യസിച്ചു.

ശനിയാഴ്ച രാവിലെയോടെ ഹാദിയയുടെ വീട്ടിലുംപുറത്തും സിഐമാര്‍, എസ്‌ഐമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍നേരിട്ടായിരുന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മാധ്യമ സംഘങ്ങളെ ആരെയും ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. ഉച്ചയ്ക്ക് 12മണിയോടെ വൈക്കം ഡിവൈഎസ്പിയെത്തി. ഒരുമണിക്കൂറിനുള്ളില്‍ വീട്ടില്‍നിന്ന് പോവുമെന്നായിരുന്നു ഡിവൈഎസ്പിയുടെ പ്രതികരണം. തുടര്‍ന്ന് പിതാവ് അശോകനുമായി യാത്ര സംബന്ധിച്ച് ഡിവൈഎസ്പി ആശയവിനിമയം നടത്തി. അല്‍പ്പസമയത്തിനുശേഷം ഡല്‍ഹി യാത്രയില്‍ ഹാദിയയെ അനുഗമിക്കുന്ന വനിതാപോലിസുകാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെത്തി. ആകെ നാല് പൊലീസ് വാഹനങ്ങളാണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്.

ഇതില്‍ ഒരു വാഹനത്തില്‍ഹാദിയയെയും മാതാപിതാക്കളെയും കൊണ്ടുപോവാനും മറ്റ് വാഹനങ്ങള്‍ അകമ്പടിസേവിക്കാനുമായിരുന്നു. വീടിന് പരിസരത്ത് സമീപവാസികളടക്കം നിരവധി പേരാണ്തടിച്ചുകൂടിയത്. വീടിന് മുന്നില്‍ സ്ഥാപിച്ച സിടി ടിവിയിലൂടെ പൊലീസ്‌കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. റോഡുമാര്‍ഗമുള്ള യാത്രയില്‍ പ്രതിഷേധങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ ജാഗരൂകരായിരുന്നു. ഉച്ചക്ക് 1.53നാണ് ഡോ. ഹാദിയ വീടിന് പുറത്തിറങ്ങിയത്.ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചിത്രമെടുക്കാന്‍ പോലുമുള്ള അവസരം ലഭിക്കുന്നതിന് മുമ്പുതന്നെ ഹാദിയയുമായി പൊലീസ് വാഹനം പാഞ്ഞു. വീടിന്റെഗേറ്റിന് വെളിയില്‍ പൊലീസ് വലയം തീര്‍ത്താണ് വാഹനവ്യൂഹം പ്രധാനറോഡിലെത്തിച്ചത്. ഹാദിയയുടെ വീട്ടിലേക്കുള്ള ഇടറോഡിന് വെളിയില്‍ എആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസുകാരെയും പ്രത്യേകമായി നിയോഗിച്ചിരുന്നു.

chandrika: